റഷ്യൻ വെല്ലുവിളി മറികടന്നു ഒസാക്ക യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ

@getty

യു. എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ റഷ്യൻ താരത്തിൽ നിന്നേറ്റ മികച്ച പോരാട്ടം അതിജീവിച്ച് ഒന്നാം സീഡും നിലവിലെ ജേതാവും ആയ നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റിൽ തന്നെ തുടക്കത്തിൽ ആധിപത്യം നേടിയ സീഡ് ചെയ്യാത്ത അന്ന ബ്ലിൻകോവക്കു എതിരെ മികച്ച തിരിച്ചു വരവ് നേടിയ ഒസാക്ക ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. എന്നാൽ പോരാട്ടവീര്യം തുടർന്ന റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ 7-6 നു സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ തന്റെ മികച്ച ഫോമിലേക്ക് ഉയർന്ന ഒസാക്ക എതിരാളിക്ക് ഒരവസരവും നൽകാതെ 6-2 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. അതേസമയം ആദ്യ റൗണ്ടിൽ നാട്ടുകാരിയായ ഡെന്നിസ അലർറ്റോവക്ക്‌ എതിരെ തന്റെ മുഴുവൻ മികവും ചെക് താരവും ആറാം സീഡുമായ പെട്ര ക്വിവിറ്റോവ പുറത്തെടുത്തപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് ക്വിവിറ്റോവക്ക് ജയം. സ്‌കോർ 6-2,6-4.

പ്ലാലോ ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ഏഴാം സീഡ് കിക്കി ബെർട്ടൻസും രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്‌കോർ 6-4,6-2. ആദ്യ റൗണ്ടിൽ തന്നെ മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവും 24 സീഡുമായ സ്പാനിഷ് താരം മുഗുരസെ വീണു. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ആലിസൻ റിസ്ക് ആണ് മുഗുരസെയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ അട്ടിമറിച്ചത്. സ്‌കോർ 2-6,6-1,6-3. അതേസമയം 13 സീഡ് ബെലിന്ത ബെൻചിച്ച് മാന്റി മിനെല്ലെയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു രണ്ടാം റൗണ്ടിൽ എത്തി. സ്‌കോർ 6-3,6-2. കാനഡയുടെ ഈ വർഷം പലരും വലിയ സാധ്യത കൽപ്പിക്കുന്ന 15 സെസ് ബിയാങ്ക ആന്ദ്രീസുവും രണ്ടാം റൗണ്ടിൽ കടന്നു. അമേരിക്കൻ താരം കാറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് 6-2,6-4 എന്ന സ്കോറിന് ആണ് ബിയാങ്ക മറികടന്നത്.

Previous articleഅടച്ച്‌ പൂട്ടലിന്റെ വക്കിൽ ബോൾട്ടൻ വാണ്ടെറേസ്
Next articleഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് മൈക്ക് ഹെസ്സൺ