യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി ബാഴ്സലോണയെ പരാജയപ്പെടുത്തി. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന സെമിഫൈനലിന്റെ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ബാഴ്സലോണക്ക് സീസണിൽ അവരുടെ ആദ്യ പരാജയമാണ് ഇത്.
പേരുകേട്ട ബാഴ്സലോണ അറ്റാക്കിനെ പിടിച്ചു കെട്ടാൻ ഇന്ന് ചെൽസിക്കായി.. ബാഴ്സലോണക്ക് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ഇന്ന് ആയില്ല. മത്സരത്തിന്റെ ആദ്യപകുതിയിൽ 40ആം മിനിറ്റിൽ ആയിരുന്നു ചെൽസിയുടെ ഗോൾ. നാല്പതാം മിനിറ്റിൽ നുസ്കെൻ നൽകിയ പാസ് സ്വീകരിച്ച് മുന്നിലുള്ള ഡിഫെൻഡറിനെ കട്ട് ചെയ്ത് മനോഹരമായി ഒരു ഷോർട്ട്ലൂടെ എറിൻ കത്ബേർട്ടാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്.
ബാഴ്സലോണക്ക് ഈ ഗോളിന് മറുപടി പറയാനേ ആയില്ല. രണ്ടാം പകുതി അർഹിച്ച ഒരു പെനാൽറ്റി ചെൽസിക്ക് ലഭിക്കാതെ പോയത് ബാഴ്സലോണക്ക് ആശ്വാസമായി. ഇനി ഏപ്രിൽ 27ന് ലണ്ടനിൽ വെച്ചാകും രണ്ടാം പാദ സെമിഫൈനൽ നടക്കുക. ഈ സീസണിൽ ഇന്നത്തെ അടക്കം 38 മത്സരങ്ങൾ കളിച്ച ബാഴ്സലോണ അതിൽ 35 മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. ഇന്നത്തെ പരാജയം അവരുടെ സീസണിലെ ആദ്യ പരാജയമാണ്.