ഇന്നലെ അവസാന ക്വാർട്ടർ മത്സരങ്ങൾ കൂടെ കഴിഞ്ഞതോടെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പ് തീരുമാനമായി. ബാഴ്സലോണ, ലിവർപൂൾ, ടോട്ടൻഹാം, അയാക്സ് എന്നിവരാണ് സെമിയിൽ ഉള്ളത്. ബാഴ്സലോണയ്ക്ക് ലിവർപൂളും, അയാക്സിന് ടോട്ടൻഹാമും ആണ് എതിരാളികൾ. തികച്ചും ഏകപക്ഷീയമായ വിജയങ്ങൾ കഴിഞ്ഞാണ് ബാഴ്സലോണയും ലിവർപൂളും സെമിയിലേക്ക് എത്തിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിലം തൊടാതെ തോൽപ്പിച്ചായിരുന്നു ബാഴ്സലോണ സെമിയിൽ എത്തിയത്. മെസ്സിയുടെ മിന്നും ഫോം ബാഴ്സക്ക് തുണയായി. പോർട്ടോയുടെ വല നിറച്ചാണ് ലിവർപൂളിന്റെ വരവ്. തുടർച്ചയായ രണ്ടാം സീസണിലാണ് ലിവർപൂൾ സെമിയിൽ എത്തുന്നത്. യുവന്റസിനെയും റൊണാൾഡോയേയും മറികടന്നാണ് അയാക്സിന്റെ വരവ്. ആരും സെമിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാത്ത ടീമാണ് അയാക്സ്. യുവരക്തത്തിൽ ആണ് അയാക്സിന്റെ പ്രതീക്ഷ.
ടോട്ടൻഹാം ആകട്ടെ ടൂർണമെന്റ് ഫേവറിറ്റ്സ് എന്ന് കരുതപ്പെട്ട സിറ്റിയെ വമ്പൻ പോരാട്ടത്തിന് ഒടുവിൽ വീഴ്ത്തിയാണ് സെമിയിൽ എത്തിയത്. ഏപ്രിൽ അവസാന വാരവും മെയ് ആദ്യ വാരവും ആയിരിക്കും സെമി ഫൈനലുകൾ നടക്കുക.