ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗിൽ അയാക്സ് നേരിടും. യൂറോപ്പിലെ കരുത്തരായ ഇരു ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ബയേണിന്റെ കരുതന്മാരോട് യുവനിരയുമായിട്ടാണ് അയാക്സ് ഇറങ്ങുന്നത്. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് അഞ്ച് തവണ ബയേൺ നേടിയപ്പോൾ നാല് തവണ നേടാൻ അയാക്സിനായിട്ടുണ്ട്. മ്യൂണിക്കിൽ അലയൻസ് അറീനയിൽ യോഹാൻ ക്രൗഫിന്റെ നാട്ടുകാരോട് ബയേൺ ഇതുവരെ തോറ്റിട്ടില്ല. ഇരു ടീമുകളും തങ്ങളുടെ ലീഗിലെ റെക്കോർഡ് ചാമ്പ്യന്മാരാണ്.
ബുണ്ടസ് ലീഗയിൽ അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങിയതിനു ശേഷമാണ് ചാമ്പ്യൻസ് ലീഗിൽ ബയേൺ ഇറങ്ങുന്നത്. ജർമ്മൻ തലസ്ഥാനത്ത് വെച്ച് ഹെർത്ത ബെർലിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടത്. തോൽവിയോടെ നിക്കോ കൊവാച്ചിന്റെ ടീം പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ബയേണിന് വിജയമില്ല. എന്നാൽ റെനാറ്റോ സാഞ്ചെസിന്റെയും ലെവൻഡോസ്‌കിയുടെയും ഗോളിൽ ബെൻഫിക്കയെ ചാമ്പ്യൻസ് ലീഗിൽ ബവേറിയന്മാർ പരാജയപ്പെടുത്തിയിരുന്നു.
പരിക്ക് ഇരു ടീമുകൾക്കും വൻ തിരിച്ചടിയാണ്. റാഫിഞ്ഞ്യായും, ടോളിസോയും കോമനും ബയേണിൽ പരിക്കിന്റെ പിടിയിലാണ്. അയാക്സ് ക്യാപ്റ്റൻ ജോയൽ വെൽറ്റ്മാൻ, മധ്യനിരയിലെ സൂപ്പർ താരം ഫ്രേങ്കി ഡി ജോങ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഡച്ച് ലീഗിൽ പിഎസ്‌വിയോട് പരാജയപ്പെട്ട അയാക്സ് ഫോർച്യൂണയോട് തിരിച്ചു വന്നിരുന്നു. അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗ് ബയേണിന്റെ റിസർവ് ടീമിനെ പരിശീലിപ്പിച്ചിരുന്നു.