ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി തുടങ്ങി, ജയം കണ്ടു ഒളിമ്പിയാക്കോസും

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ എഫ്.സി പോർട്ടോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു മാഞ്ചസ്റ്റർ സിറ്റി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗാർഡിയോളയുടെ ടീമിന്റെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിൽ 14 മത്തെ മിനിറ്റിൽ ലൂയിസ് ഡിയാസിന്റെ ഗോളിൽ പോർട്ടോ ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ഇരുപതാം മിനിറ്റിൽ സ്റ്റെർലിങ്ങിനെ പെപെ വീഴ്‌ത്തിയതിനെ തുടർന്നു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട സെർജിയോ അഗ്യൂറോ സിറ്റിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ അഗ്യൂറോയുടെ നാപ്പതാം ഗോൾ ആയിരുന്നു ഇത്. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വലിയ ആധിപത്യം ആണ് സിറ്റി മത്സരത്തിൽ പുലർത്തിയത്. അതേസമയം പലപ്പോഴും മികച്ച പ്രത്യാക്രമണങ്ങൾ പോർട്ടോ നടത്തുക ഉണ്ടായി.

രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ മികച്ച ഒരു ഫ്രീകിക്ക് ഗോൾ ആക്കി മാറ്റിയ ഇക്കായ്‌ ഗുണ്ടഗാൻ ആണ് സിറ്റിയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചത്. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ഫെറാൻ ടോറസ് സിറ്റിയുടെ ജയം പൂർണമാക്കി. 73 മത്തെ മിനിറ്റിൽ ഫോഡന്റെ പാസിൽ നിന്നാണ് 20 കാരൻ ആയ ടോറസ് സിറ്റിക്ക് ആയി തന്റെ ആദ്യ ഗോൾ നേടിയത്. ജയം ഗ്രൂപ്പ് സിയിൽ സിറ്റിയെ ഒന്നാമത് എത്തിച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ മാഴ്‌സയെ ഒളിമ്പിയാക്കോസ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 91 മത്തെ മിനിറ്റിൽ അഹമ്മദ് ഹസൻ നേടിയ ഗോൾ ആണ് ഗ്രീക്ക് ക്ലബിന് ജയം സമ്മാനിച്ചത്.

Advertisement