ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം തേടിയിറങ്ങുന്ന പി.എസ്.ജി സൂപ്പർ താരനിരക്ക് ഇന്ന് ആദ്യ മത്സരം. ഗ്രൂപ്പ് എച്ചിൽ ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിനെയാണ് ഫ്രഞ്ച് ചാമ്പ്യൻമാർ നേരിടുക. ചരിത്രത്തിൽ ഇത് വരെ യുവന്റസ് പാരീസിന് മുന്നിൽ തോറ്റിട്ടില്ല, പരസ്പരം ഏറ്റുമുട്ടിയ 8 കളികളിലും ആറു എണ്ണത്തിലും ജയം ഇറ്റാലിയൻ ടീമിന് ഒപ്പം ആയിരുന്നു. എന്നാൽ 1996 സൂപ്പർ കപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത് ഇത് ആദ്യമായാണ്. സ്വന്തം മൈതാനത്ത് കഴിഞ്ഞ 30 കളികളിൽ ഒരിക്കൽ മാത്രം പരാജയം വഴങ്ങിയ പി.എസ്.ജി ചരിത്രം തിരുത്താൻ ആണ് ഇറങ്ങുക.
മുന്നേറ്റത്തിൽ ലയണൽ മെസ്സി, കിലിയൻ എമ്പപ്പെ, നെയ്മർ ജൂനിയർ എന്നിവരുടെ അതുഗ്രൻ ഫോം ആണ് പാരീസിന്റെ പ്രധാന കരുത്ത്. എമ്പപ്പെയും നെയ്മറും ഗോൾ അടിച്ചു കൂടുമ്പോൾ ഗോൾ ഒരുക്കുന്നതിൽ ആണ് മെസ്സിയുടെ ശ്രദ്ധ. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡും അർജന്റീനൻ താരം ലക്ഷ്യം വെക്കുന്നുണ്ട്. മധ്യനിരയിൽ വെറാറ്റി മുതൽ റെനാറ്റോ സാഞ്ചസും കാർലോസ് സോളറും വരെ നിരവധി താരങ്ങളാണ് പാരീസിന്റെ കയ്യിൽ ഉള്ളത്. ഈ സീസണിൽ അതിശക്തമായ പാരീസ് മധ്യനിര അവരെ കൂടുതൽ ശക്തരാക്കുന്നുണ്ട്. മാർക്വീനസും കിമ്പമ്പയും റാമോസും അടങ്ങുന്ന പ്രതിരോധം എങ്ങനെ കളിക്കും എന്നത് മത്സരത്തിൽ പ്രധാനം ആവും.
മറുവശത്ത് ലീഗിൽ അത്ര നല്ല തുടക്കം അല്ല യുവന്റസിന് ലീഗിൽ ലഭിച്ചത്. കളിച്ച 5 ൽ മൂന്നിലും അവർ സമനില വഴങ്ങി. മുന്നേറ്റത്തിൽ വ്ലാഹോവിച് ഗോൾ അടിക്കും എന്നതിൽ ആണ് യുവന്റസ് പ്രതീക്ഷ. മുൻ പി.എസ്.ജി താരം ഏഞ്ചൽ ഡി മരിയ തന്റെ പഴയ ക്ലബിന് എതിരെ ഗോൾ നേടുമോ എന്നും കണ്ടറിയാം. മുന്നേറ്റത്തിൽ മിലികും ഫ്രഞ്ച് ക്ലബിന് വെല്ലുവിളി ഉയർത്താൻ പോകുന്ന താരമാണ്. മുൻ പി.എസ്.ജി താരങ്ങളായ പരഡസ്, കീൻ എന്നിവരും യുവന്റസ് ടീമിൽ ഉണ്ട്. അല്ലഗ്രിനിയുടെ തന്ത്രങ്ങൾ പാരീസ് സൂപ്പർ താരനിരയെ പിടിച്ചു കെട്ടുമോ എന്നു കണ്ടറിയാം. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്ക ഇസ്രായേൽ ക്ലബ് ആയ മക്കാബി ഹൈഫയെ നേരിടും. രാത്രി ഇന്ത്യൻ സമയം 12.30 നു ആണ് ഈ മത്സരങ്ങൾ നടക്കുക.