ചാമ്പ്യന്മാരുടെ ആദ്യ അങ്കം ഇന്ന്, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഇറങ്ങും

Nihal Basheer

Img 20220905 215404
Download the Fanport app now!
Appstore Badge
Google Play Badge 1

സ്വപ്നതുല്യമായ അവസാന സീസണിന് ശേഷം റയൽ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗിന്റെ കളത്തിലേക്ക്. ആദ്യ മത്സരത്തിൽ സെൽറ്റിക്കാണ് നിലവിലെ ചാംപ്യന്മാരുടെ എതിരാളികൾ. മികച്ച ഫോമോടെ സീസണിന് ആരംഭം കുറിച്ച മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലും വിജയത്തിൽ കുറഞ്ഞ ഒന്നും ആദ്യ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല.

ലാ ലീഗയിലെ ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയത്തോടെയാണ് മാഡ്രിഡ് കുതിക്കുന്നത്‌. അവസാന മത്സരത്തിൽ കരുത്തരായ എതിരാളികളായ റയൽ ബെറ്റിസിനെ തോൽപ്പിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വീണ്ടും വർധിപ്പിക്കും. പതിവ് പോലെ ബെൻസിമയും വിനിഷ്യസും ഗോളടി ആരംഭിച്ചു കഴിഞ്ഞു. കമവിംഗയും ചൗമേനിയും യാതൊരു താമസവും കൂടാതെ ടീമിനോട് ഇണങ്ങി ചേർന്നു. ഇവരുടെ സാന്നിധ്യം വർഷങ്ങളായി ടീമിലെ സുപ്രധാന താരമായിരുന്ന കസേമിറോയുടെ അഭാവം മറികടക്കാൻ മാഡ്രിഡിനെ സഹായിക്കുന്നുണ്ട്. പ്രധാന താരങ്ങളിൽ ആർക്കും പരിക്ക് ഇല്ല. ബെറ്റിസിനെതിരായ മത്സരത്തിൽ ബെഞ്ചിൽ നിന്നും മത്സരം ആരംഭിച്ച വാൽവെർഡെ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും.

20220905 215550

ലീഗിലെ ആറു മത്സരങ്ങളിൽ നിന്നും ആറു വിജയം നേടിയ സെൽറ്റിക്കും മികച്ച ഫോമിൽ തന്നെയാണ്. അവസാന മത്സരത്തിൽ പ്രധാന എതിരാളികളും ലീഗിലെ രണ്ടാം സ്ഥാനക്കാരും ആയ റേഞ്ചേഴ്സിനെ തന്നെ എതിരില്ലാത്ത നാല് ഗോളിന് തോല്പിക്കാൻ അവർക്കായി. മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ നിലവിലെ ഫോമിൽ ഒട്ടും വിട്ടു കൊടുക്കാൻ സെൽറ്റിക്കിനും ആവില്ല. സെൽറ്റിക്കിന്റെ സ്റ്റേഡിയം ആയ സെൽറ്റിക് പാർക്കിൽ വെച്ചാണ് മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പത്തിന് മത്സരത്തിന് പന്തുരുണ്ടു തുടങ്ങും.