ഇന്നലെ ലൈപ്സിഗിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് അവസാനമായി. ഈ സീസൺ പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താതെ 10 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കും. ഇതിനിടയിൽ യൂറോപ്പ കിരീടം നേടിയിട്ടുണ്ട് എങ്കിലും ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾക്ക് താഴെ പോവുക ആയിരുന്നു.
ഈ സീസണിൽ വളരെ കടുപ്പമുള്ള ഗ്രൂപ്പിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പെട്ടത്. എന്നിട്ടും മികച്ച തുടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ പി എസ് ജിയെയും ലൈപ്സിഗിനെയും തോല്പ്പിച്ചപ്പോൾ ഗ്രൂപ്പ് കടക്കുക വളരെ എളുപ്പം സാധിക്കുന്ന കാര്യമായി യുണൈറ്റഡിന് തന്നെ തോന്നി. ആ അമിത ആത്മവിശ്വാസം യുണൈറ്റഡിന് വലിയ പണിയാവുകയും ചെയ്തു. തുർക്കിയിൽ ബസക്ഷയിറിനോട് ഏറ്റ പരാജയം മാഞ്ചസ്റ്ററിന്റെ വിധി തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിറകെ പി എസ് ജിയും ഇന്നലെ ലൈപ്സിഗും അനായാസം യുണൈറ്റഡിനെ മറികടന്നു.
അവസാന ദിവസം വരെ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്നിട്ട് അവസാന ദിവസം യൂറോപ്പ ലീഗിലേക്ക്. അവസാന പത്തു വർഷത്തിൽ 2 നോക്കൗട്ട് മത്സരം മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. 2014ൽ ഒളിമ്പിയാകോസും 2019ൽ പി എസ് ജിക്ക് എതിരെയും ആയിരുന്നു ആ വിജയങ്ങൾ. 2011ലും 2015ലും പിന്നെ ഈ വർഷവും ഗ്രൂപ്പ് ഘട്ടത്തിൽ വിടപറയേണ്ടിയും വന്നു. 10 വർഷങ്ങൾക്ക് മുമ്പ് യുണൈറ്റഡ് ബാഴ്സലോണക്ക് എതിരെ ഫൈനലിൽ ഇറങ്ങുമ്പോൾ അത് യുണൈറ്റഡിന്റെ നാലു സീസണിടെയുള്ള മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു. ആ നല്ല കാലത്തെ ഓർത്തിരിക്കാം എന്നല്ലാതെ യുണൈറ്റഡ് ആരാധകർ നിസ്സഹായരാണ്. ടീമിന്റെ അവസാന വർഷങ്ങളിലെ സ്ഥിരത ഇല്ലായ്മ ആരാധകരെ വേദനിപ്പിക്കുക മാത്രമെ ചെയ്യുന്നുമുള്ളൂ.