ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു വലിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയെ നേരിടും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം മത്സരം ആണെങ്കിലും കൊറോണ പ്രോട്ടോക്കോൾ കാരണം റൊമാനിയയിൽ വെച്ചാണ് ഇന്നത്തെ മത്സരം നടക്കുന്നത്. ലാലിഗയിൽ ഒന്നാമത് ആണെങ്കിലും അത്ര മികച്ച ഫോമിൽ അല്ല ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്.
അവസാന നാലു മത്സരങ്ങളിൽ ഒരു മത്സരം മാത്രമെ സിമിയോണിയുടെ ടീം വിജയിച്ചിട്ടുള്ളൂ. തങ്ങളുടെ ഹോം ഗ്രൗണ്ട് അല്ല എന്നതും ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയാകും. എന്നാൽ ഇംഗ്ലീഷ് ക്ലബുകൾക്ക് എതിരെ മികച്ച റെക്കോർഡാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളത്. കഴിഞ്ഞ സീസണിൽ പ്രീക്വാർട്ടറിൽ ലിവർപൂളിനെ തോൽപ്പിക്കാൻ അത്ലറ്റിക്കോയ്ക്ക് ആയിരുന്നു. ആ മികവ് ചെൽസിക്ക് എതിരെയും ആവർത്തിക്കാൻ ആകും അത്ലറ്റിക്കോ ശ്രമിക്കുക.
ചെൽസി ലീഗിൽ അവർ ആഗ്രഹിക്കുന്ന സ്ഥാനത്ത് അല്ല എങ്കിലും പുതിയ പരിശീലകൻ ടൂഹൽ വന്ന ശേഷം അവർ മികച്ച പ്രകടനമാണ് നടത്തുന്നത്. ടൂഹലിന് കീഴിൽ കളിച്ച ഏഴു മത്സരങ്ങളിൽ ഒന്ന് പോലും ചെൽസി പരാജയപ്പെട്ടിട്ടില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.