ഷാക്കിബ് ഐപിഎലിന് മുന്‍ഗണന നല്‍കിയത് ദുഖകരമായ കാര്യം

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പരമ്പരയെക്കാള്‍ മുന്‍ഗണന ഐപിഎലിന് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ നല്‍കിയത് ഏറെ സങ്കടകരമായ കാര്യമാണെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബും മുസ്തഫിസുറും ആണ് ഐപിഎല്‍ കളിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് താരങ്ങള്‍ ഇരുവര്‍ക്കും ഐപിഎല്‍ കളിക്കുവാനുള്ള അനുമതി ബോര്‍ഡ് നല്‍കുകയും ചെയ്തു.

ഒരു താരങ്ങളെയും ബംഗ്ലാദേശ് അമിതമായി ആശ്രയിക്കുന്നില്ല എന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ഒരാളെ സമ്മര്‍ദ്ദത്തിലാക്കി രാജ്യത്തിന് വേണ്ടി കളിപ്പിച്ചാലും അതിന്റെ ഗുണം ഇരു കൂട്ടര്‍ക്കും ഉണ്ടാകില്ലെന്ന് നസ്മുള്‍ വ്യക്തമാക്കി.

താരങ്ങളില്‍ 10-15 വര്‍ഷം ബോര്‍ഡ് നിക്ഷേപം നടത്തി, പരിക്കിന്റെ സമയത്തും അവര്‍ക്കൊപ്പം നിന്ന ശേഷം അവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദുഖമുണ്ടാകുന്നുണ്ടെന്നും നസ്മുള്‍ സൂചിപ്പിച്ചു.