ചാമ്പ്യൻസ് ലീഗിലെ ഇംഗ്ലീഷ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ടോട്ടൻഹാം സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ദിവസം ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ അവർ ജയിച്ചിരുന്നു.
ടോട്ടൻഹാമും മാഞ്ചസ്റ്റർ സിറ്റിയും ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. 156 മത്സരങ്ങൾ ഇതുവരെ ഇരു ടീമുകളും പരസ്പരം കളിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും യൂറോപ്യൻ മത്സരങ്ങൾ ആയിരുന്നില്ല. പ്രീമിയർ ലീഗിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോഴും ആധിപത്യം മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയായിരുന്നു. അവസാനം ഇരു ടീമുകളും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചത് മാഞ്ചസ്റ്റർ സിറ്റിയാണ്.
ടോട്ടൻഹാം നിരയിൽ പരിക്കേറ്റ എറിക് ഡയർ, ലമേല, ഓറിയർ എന്നിവർ ഇന്ന് ടീമിൽ ഇടം നേടില്ല. അതെ സമയം കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരെ കളിക്കാതിരുന്ന ഫെർണാണ്ടോ ലോറെൻറെ ഇന്ന് ടോട്ടൻഹാം ടീമിൽ തിരിച്ചെത്തും. മാഞ്ചസ്റ്റർ സിറ്റി നിരയിൽ കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന അഗ്വേറൊ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഫുൾ ബാക്കുകളായ കെയ്ൽ വാക്കറും ബെഞ്ചമിൻ മെന്റിയും ഇന്ന് സിറ്റി ടീമിൽ ഇടം നേടും.