സൂപ്പർ താരങ്ങളുടെ പരിക്കിനിടയിൽ ഇന്ന് ടോട്ടൻഹാം – ബാഴ്‌സലോണ പോരാട്ടം

സൂപ്പർ താരങ്ങളുടെ പരിക്കിനിടയിൽ ഇന്ന് ലണ്ടനിലെ വെംബ്ലിയിൽ ടോട്ടൻഹാം – ബാഴ്‌സലോണ പോരാട്ടം. തങ്ങളുടെ സീസണിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്റർ മിലാനോട് തോറ്റ ടോട്ടൻഹാമിന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്റർ മിലാന് എതിരെ അവസാന നിമിഷം വഴങ്ങിയ ഗോളുകളാണ് അവർക്ക് തിരിച്ചടിയായത്.

ബാഴ്‌സലോണയാവട്ടെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി.എസ്.വിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് വരുന്നത്. ലിയോണൽ മെസ്സിയുടെ ഹാട്രിക്കിലായിരുന്നു ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിന് ശേഷം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല. ഒരു മത്സരം പരാജയപ്പെട്ടപ്പോൾ മറ്റു രണ്ടു മത്സരങ്ങൾ സമനിലയിലാവസാനിക്കുകയായിരുന്നു.

പരിക്ക് മൂലം അഞ്ചോളം താരങ്ങൾക്ക് ടോട്ടൻഹാം നിരയിൽ ഇന്നത്തെ മത്സരം നഷ്ടമാവും. എറിക്‌സൺ, ഡെംമ്പലെ, വെർട്ടോഗ്നൻ, ഡെലെ അലി, സെർജിയോ ഓറിയോർ എന്നിവർക്കാണ് പരിക്ക് മൂലം ഇന്നത്തെ മത്സരം നഷ്ടമാവുക. അതെ സമയം പരിക്ക് മാറി ഗോൾ കീപ്പർ ലോറിസ് തിരിച്ചു വരുന്നത് ടോട്ടൻഹാമിന്‌ ആശ്വാസം നൽകും.

ബാഴ്‌സലോണ നിരയിൽ സെർജിയോ റോബർട്ടോക്കും സാമുവൽ ഉംറ്റിറ്റിക്കും ഇന്നത്തെ മത്സരം നഷ്ട്ടമാകും. കഴിഞ്ഞ മത്സരത്തിൽ പി.എസ്.വി ഐന്തോവനെതിരെ ചുവപ്പ് കാർഡ് കണ്ടതാണ് ഉംറ്റിറ്റിക്ക് തിരിച്ചടിയായത്.

 

Previous articleU19 ഏഷ്യ കപ്പ് സെമി ഫൈനല്‍ ലൈനപ്പ്, ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്
Next articleറൊണാൾഡോയുടെ കുറവ് റയൽ മാഡ്രിഡിൽ ഉണ്ടെന്ന് പറഞ്ഞ് നവാസ്