ക്രിസ്റ്റിയൻ എറിക്സൻ പകരക്കാരുടെ ബെഞ്ചിൽ നിന്നിറങ്ങി രക്ഷകനായപ്പോൾ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിന് ആശ്വാസ ജയം. നോകൗട്ട് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിനാണ് ടോട്ടൻഹാം ഇന്റർ മിലാനെ മറികടന്നത്. ജയിച്ചെങ്കിലും അവസാന മത്സരത്തിൽ ബാഴ്‌സയെ നേരിടാനുള്ള അവർക്ക് അതിൽ വിജയിച്ചാൽ മാത്രമേ നോകൗട്ട് ഉറപ്പിക്കാനാവൂ.
ലീഗിൽ ചെൽസിയെ തകർത്ത ടീമിൽ നിന്ന് 4 മാറ്റങ്ങളുമായാണ് സ്പർസ് ഇറങ്ങിയത്. 79 മിനുട്ട് വരെ മത്സരത്തിൽ ഗോൾ പിറന്നില്ല. സ്പർസിന്റെ മോശം ഫിനിഷിങ്ങും ഇന്ററിന്റെ മികച്ച പ്രതിരോധവും പോചെട്ടിനോയുടെ ടീമിന് പുറത്തേക്കുള്ള വഴി തുറക്കും എന്ന ഘട്ടത്തിലാണ് 80 ആം മിനുട്ടിൽ എറിക്സൻ വിജയ ഗോൾ നേടിയത്. സ്പർസ് മിഡ്ഫീൽഡർ മൂസ സിസോകോയുടെ പ്രകടനം മത്സരത്തിൽ വേറിട്ട് നിന്നു. സിസോകോയുടെ മികച്ച മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴി തുറന്നതും.