യുവന്റസ് ആണ് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം എന്ന ലിവർപൂൾ പരിശീലകൻ ജുർഗൻ ക്ലോപ്പിന്റെ പരാമർശനത്തെ ചിരിച്ചു തള്ളി യുവന്റസ് പരിശീലകൻ മൗറൂസിയോ സാരി. കിരീടം നിലനിർത്താൻ ഇറങ്ങുന്ന ലിവർപൂളിൽ നിന്ന് സമ്മർദ്ദം മാറ്റാനുള്ള ശ്രമം ആണ് ക്ലോപ്പിന്റെ ഈ പരാമർശം എന്ന് മനസ്സിലാക്കുന്നതായി സാരി പറഞ്ഞു. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതക്ക് ഒപ്പം സീരി എയിൽ യുവന്റെസിനു വലിയ ലീഡ് ഇല്ലാത്തതിൽ വലിയ അത്ഭുതവും ക്ലോപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സീരി എ മത്സരങ്ങൾ അധികം പിന്തുടരാത്തത് ആണ് ക്ലോപ്പ് ഇത്തരം പരാമർശം നടത്താൻ കാരണം എന്നായിരുന്നു സാരിയുടെ മറുപടി. അതിബുദ്ധിമാനും തമാശക്കാരനും ആയ ക്ലോപ്പ് തന്റെ താരങ്ങളിൽ നിന്ന് സമ്മർദ്ദം എടുത്ത് കളയാൻ ആണ് ഇത്തരം പരാമർശങ്ങൾ നടത്തിയത് എന്ന് മനസ്സിലാക്കുന്നത് ആയി സാരി വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിടുന്ന യുവന്റസിന് ഫ്രഞ്ച് ക്ലബ് ലിയോൺ ആണ് എതിരാളികൾ എങ്കിൽ മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് എതിരാളികൾ സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ് ആണ്.