പത്ത് പേരുമായി കളിച്ച ഒളിമ്പ്യാക്കോസിനെ തകർത്ത് റെഡ് സ്റ്റാർ ബെൽഗ്രേഡ്

ചാമ്പ്യൻസ് ലീഗിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിന് ജയം. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ റെഡ് സ്റ്റാർ വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ചാണ് റെഡ് സ്റ്റാർ ഗ്രൂപ്പ് സ്റ്റേജ് കടക്കാനുള്ള സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ മിലോസ് വുലിച്, നമാഞ്ച മിലുനോവിച്,റിച്ച്മണ്ട് ബൊക്യെ എന്നിവരാണ് റെഡ് സ്റ്റാറിന് വേണ്ടി ഗോളടിച്ചത്.

റൂബൻ സെമെടോയുടെ ഗോളിൽ ആദ്യ പകുതിയിൽ ഒളിമ്പ്യാക്കോസ് ലീഡെടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. യസിൻ ബെൻസിയയുടെ വിവാദമായ ചുവപ്പ് കാർഡ് കളി റെഡ് സ്റ്റാറിന് അനുകൂലമായി. ജർമ്മൻ മെസ്സി എന്നറിയപ്പെടുന്ന മാരിന്റെ സെറ്റ്പീസുകൾ റെഡ് സ്റ്റാറിന് ഗ്രൂപ്പ് ബിയിൽ വിലപ്പെട്ട‌ മൂന്ന് പോയന്റുകൾക്ക് സഹായിച്ചു. റെഡ് സ്റ്റാറിന്റെ മികച്ച ഹോം റെക്കോർഡ് അവർക്ക് തുണയായി. വമ്പന്മാർ വെള്ളം കുടിക്കുന്ന ബെൽഗ്രേഡിൽ അവർ കഴിഞ്ഞ 14 ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ഗ്രൂപ്പ് ബിയിൽ ഇനി ഒളിമ്പ്യാക്കോസ് ബയേണിനെയും റെഡ് സ്റ്റാർ ടോട്ടൻഹാമിനേയും നേരിടും.

Previous articleഫെലിക്സിന് ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ, അത്ലറ്റിക്കോ മാഡ്രിഡിന് വിജയം
Next article800 മീറ്ററിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് പ്രകടനവുമായി സ്വർണം നേടി അമേരിക്കൻ താരം