റാമോസിന് പരിക്ക്, ലിവർപൂളിനെതിരെ കളിക്കില്ല

ഏവരും കാത്തുനിന്ന സെർജിയോ റാമോസ് മോ സലാ പോരാട്ടം കാണാൻ ആരാധകർക്ക് ഈ വരുന്ന ആഴ്ച സാധിക്കില്ല. റയൽ മാഡ്രിഡ് ക്യാപ്റ്റന് പരിക്കേറ്റതായി ക്ലബ്ബ് അറിയിച്ചു. സ്‌പെയിൻ ദേശീയ ടീമിനായി കളിക്കുന്നതിനിടയിൽ ആണ് റാമോസിന് പരിക്കേറ്റത്. മസിൽ ഇഞ്ചുറി ആണ്. റാമോസ് രണ്ട് ‌ആഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വന്നേക്കും. അടുത്ത ആഴ്ച ആണ് ലിവർപൂളും റയൽ മാഡ്രിഡും തമ്മിലുളള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം നടക്കേണ്ടത്. ആ മത്സരത്തിൽ റയൽ ക്യാപ്റ്റൻ എന്തായാലും ഉണ്ടാകില്ല. മൂന്ന് സീസൺ മുമ്പ് കീവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു റയലും ലിവർപൂളും തമ്മിൽ അവസാനമായി നേർക്കുനേർ വന്നത്. അന്ന് റാമോസിന്റെ ഫൗളിൽ ആയിരുന്നു സലായുടെ ഷോള്ഡറിന് പരിക്കേറ്റത്. അതുകൊണ്ട് തന്നെ ഇരുവരും വീണ്ടും നേർക്കുനേർ വരുന്നത് വലിയ ചർച്ച ആയിരുന്നു. രണ്ടാം പാദത്തിൽ എങ്കിലും റാമോസ് കളിക്കും എന്നാണ് ഇപ്പോൾ ഫുട്‌ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.