പാരീസിൽ റയൽ തകർന്നടിഞ്ഞു, പി എസ് ജിക്ക് സ്വപ്ന തുടക്കം

- Advertisement -

നെയ്മർ, എമ്പപ്പെ, കവാനി എന്നിവർ ഒന്നും ഇല്ലാതിരുന്നിട്ടും പാരീസിൽ പി എസ് ജി തന്നെ ഇന്ന് തിളങ്ങി നിന്നു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. രണ്ട് ഗോളുകൾ അടിച്ച അർജന്റീനൻ താരം ഡിമറിയ ആണ് ഇന്ന് സൂപ്പർതാരമായത്.

കളിയുടെ 14ആം മിനുട്ടിൽ ബെർനാട് നൽകിയ പാസ് ഡിമറിയ ഗോൾ മുഖത്തേക്ക് തൊടുത്തപ്പോൾ തടയാൻ കോർതുവയ്ക്ക് കഴിഞ്ഞില്ല. തന്റെ നിയർ പോസ്റ്റിൽ കോർതുവ പരാജയപ്പെട്ടതോടെ പി എസ് ജി ഒരു ഗോളിന് മുന്നിൽ എത്തി. കളിയുടെ 33ആം മിനുട്ടിൽ ഡി മറിയ തന്നെ പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണം ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ഡി മറിയയുടെ ഗോൾ.

രണ്ടാം പകുതിയിലും പി എസ് ജിക്ക് എതിരെ തിരിച്ചടിക്കാൻ റയലിനായില്ല. ബെൻസീമ, ബെയ്ല്, ഹസാർഡ്, ഹാമസ് എന്നിവർ ഒക്കെ ഉണ്ടായിട്ടും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റയൽ ഇന്ന് ഒരുപാട് പിറകിലായി. കളിയുടെ അവസാന നിമിഷം മുനിയർ ആണ് പി എസ് ജിയുടെ മൂന്നാം ഗോൾ നേടിയത്

Advertisement