പാരീസ് പ്രതിരോധ മതിലിൽ വിള്ളൽ, ആദ്യ പാദത്തിൽ പി എസ് ജിയെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായക വിജയം. ഇന്ന് പാരീസിൽ നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. വിജയവും ഒപ്പം രണ്ട് എവേ ഗോളുകളുമാണ് സിറ്റിക്ക് ലഭിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചടി.

ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ആക്രമിച്ചു കൊണ്ടാണ് തുടങ്ങിയത്‌. ആതിഥേയരായ പി എസ് ജി അധികം സമയമെടുക്കാതെ ലീഡും നേടി. 15ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സെന്റർ ബാക്ക് മാർക്കിനസ് ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. ഡി മറിയ എടുത്ത മനോഹരമായ കോർൺർ ഉയർന്നു ചാടി തല കൊണ്ട് ചെത്തി മാർക്കിനസ് വലയ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് ശേഷവും രണ്ട് ടീമുകളും അക്രമണം തുടർന്നു എങ്കിലും വ്യക്തമായ അവസരങ്ങൾ പിറന്നല്ല.

ആദ്യ പകുതിയുടെ അവസാനം ഫിൽ ഫൊഡനിലൂടെ സമനില പിടിക്കാൻ ഒരു അവസരം വന്നെങ്കിലും ഫോഡന്റെ പവർഫുൾ ഷോട്ട് നെവസ് തടഞ്ഞ് രക്ഷിച്ചു. എന്നാൽ രണ്ടാം പകുതിയിൽ നെവസിന് പി എസ് ജിയെ രക്ഷിക്കാൻ ആയില്ല. 64ആം മിനുട്ടിൽ ആണ് സിറ്റി സമനില ഗോൾ നേടിയത്. ഡിബ്രുയിന്റെ ക്രോസ് പി എസ് ജി ഡിഫൻസും സിറ്റിയുടെ അറ്റാക്കിങ് താരങ്ങളും ഒരുപോലെ നോക്കിനിന്നപ്പോൾ പന്ത് നേരെ നെവസിനെയും ഞെട്ടിച്ച് വലയിലേക്ക് കയറുക ആയിരുന്നു.

പിന്നാലെ സിറ്റി ലീഡും നേടി. 71ആം മിനുട്ടിൽ മെഹ്റസിന്റെ ഒരു ഫ്രീകിക്ക് ആണ് പാരീസിൽ സിറ്റിയെ മുന്നിൽ എത്തിച്ചത്. ഫ്രീകിക്ക് പ്രതിരോധിക്കാൻ നിന്ന പി എസ് ജിയുടെ പ്രതിരോധ മതിലിന്റെ പിഴവാണ് രണ്ടാം ഗോൾ വരാൻ കാരണം. മതിലിന് ഇടയിലൂടെ ആയിരുന്നു പന്ത് ഗോൾ വലയിലേക്ക് പാഞ്ഞത്.

കളിയിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതിനിടയിൽ പി എസ് ജിക്ക് അവരുടെ മധ്യനിര താരം ഇദ്രിസ ഗയെയും നഷ്ടമായി. ഗുണ്ടകനെ ഫൗൾ ചെയ്തതിനായിരുന്നു 77ആം മിനുട്ടിൽ ചുവപ്പ് കാർഡ് പിറന്നത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. സിറ്റി കൂടുതൽ ഗോൾ നേടാത്തത് പി എസ് ജിയുടെ ഭാഗ്യമായി കരുതാം. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം നടക്കുക.