ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ ആരു അവസാന പതിനാറിൽ എത്തും എന്നത് നാലു മത്സരങ്ങൾക്ക് ശേഷവും ഇത് വരെ വ്യക്തമായിട്ടില്ല. നിലവിൽ നാലു മത്സരങ്ങൾക്ക് ശേഷം ടോട്ടൻഹാം ഹോട്സ്പറിന് 7 പോയിന്റുകൾ ഉള്ളപ്പോൾ മാഴ്സെ, സ്പോർട്ടിങ് ലിസ്ബൺ എന്നിവർക്ക് 6 പോയിന്റുകൾ ഉണ്ട്. നിലവിൽ നാലാമതുള്ള ഫ്രാങ്ക്ഫർട്ടിനു ആവട്ടെ നാലു പോയിന്റുകളും ഉണ്ട്. ഫ്രാങ്ക്ഫർട്ടിനു എതിരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഇന്നലെ ടോട്ടൻഹാം ജയിച്ചത്. ഹാരി കെയിൻ ഒരു പെനാൽട്ടി ഗോൾ ആക്കി മാറ്റിയപ്പോൾ ഒരെണ്ണം പാഴാക്കി. അതേസമയം ഇരട്ടഗോളുകൾ നേടിയ സോണിന്റെ മികവ് ആണ് ഇംഗ്ലീഷ് ടീമിന്റെ ജയം ഉറപ്പിച്ചത്.
രണ്ടു പേർ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ ഒമ്പത് പേരായി ചുരുങ്ങിയ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച മാഴ്സെ നിർണായക ജയം ആണ് രാത്രി കുറിച്ചത്. മറ്റെയോ ഗുന്റോസി പെനാൽട്ടി ലക്ഷ്യം കണ്ടപ്പോൾ അലക്സിസ് സാഞ്ചസിന്റെ വക ആയിരുന്നു മാഴ്സെയുടെ രണ്ടാം ഗോൾ. നിലവിൽ ടോട്ടൻഹാമിനു മാഴ്സെ, സ്പോർട്ടിങ് ടീമുകളും ആയി ഇനി മത്സരങ്ങൾ ഉണ്ട്. ഏതാണ്ട് എല്ലാ ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമായതിനാൽ തന്നെ തീപാറും പോരാട്ടങ്ങൾ ആവും ഗ്രൂപ്പ് ഡിയിൽ ഇനി കാണാൻ ആവുക.