മൗണ്ടിന് പരിക്ക്, ചെൽസിക്ക് ആശങ്ക

ചെൽസിയിൽ ഈ സീസണിൽ അവരുടെ പ്രധാന താരമായി മാറുകയായിരുന്ന മേസൺ മൗണ്ട് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വലൻസിയക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു മൗണ്ടിന് പരിക്കേറ്റത്. ഫ്രാൻസിസ് കോക്വലിൻ നടത്തിയ ഒരു ടാക്കിൾ മൗണ്ടിന് ആങ്കിൾ ഇഞ്ച്വറി നൽകുകയായിരുന്നു. താരത്തെ ഉടൻ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്യുകയും ചെയ്തു.

മൗണ്ടിന്റെ പരിക്ക് എത്രത്തോളം സാരമാണെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ് പറഞ്ഞത്. എങ്കിലും പരിക്ക് താരത്തെ ആഴ്ചകളോളം പുറത്ത് ഇരുത്തിയേക്കാം എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെൽസിയുടെ ആദ്യ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൗണ്ട് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ടീമിനായി ഇതിനകം മൂന്നു ഗോളുകളും താരം നേടിയിട്ടുണ്ട്. മൗണ്ടിന് കൂടുതൽ കാലം പുറത്ത് ഇരിക്കേണ്ടി വരികയാണെങ്കിൽ ലമ്പാർഡിന്റെ ടീമിന് വലിയ തിരിച്ചടിയായിരിക്കും അത്.