ജയത്തിനായി ഹെൻറിയുടെ കാത്തിരിപ്പ് നീളും, ചാമ്പ്യൻസ് ലീഗിലും രക്ഷയില്ല

പരിശീലക റോളിൽ ആദ്യ ജയത്തിനായുള്ള തിയറി ഹെൻറിയുടെ കാത്തിരിപ്പ് തുടരും. ചാമ്പ്യൻസ് ലീഗിൽ ഹെൻറിയുടെ മൊണാക്കോയെ ക്ലബ്ബ് ബ്രൂഗ് സമനിലയിൽ തളച്ചു. ഫ്രഞ്ച് ലീഗിൽ തോൽവിയോടെ ആരംഭിച്ച ഹെൻറിക് ചാമ്പ്യൻസ് ലീഗിൽ തോൽവി ഒഴിവാക്കാൻ ആയെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. അത്ലറ്റികോ മാഡ്രിഡും, ഡോർട്ട്മുണ്ടും അടങ്ങുന്ന ഗ്രൂപ്പിൽ ഇന്നത്തെ സമനിലയോടെ മൊണാക്കോ അവസാന സ്ഥാനത്താണ്.

ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് മത്സരത്തിന്റെ വിധി എഴുതിയത്. ആദ്യ പകുതിയിൽ 31 ആം മിനുട്ടിൽ 18 വയസുകാരൻ സ്‌ട്രൈക്കർ മൂസ സില്ലയുടെ ഗോളിൽ ഹെൻറിയുടെ ടീം ലീഡ് നേടിയെങ്കിലും അത് ഏറെ നേരം നില നിർത്താൻ അവർക്കായില്ല. 39 ആം മിനുട്ടിൽ വെസ്ലിയിലൂടെ എതിരാളികൾ സമനില പിടിച്ചു.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും മത്സരം ആവേഷകരമാക്കിയെങ്കിലും നിർണായക വിജയ ഗോൾ നേടാൻ ഇരുവർക്കുമായില്ല.