ചാമ്പ്യൻസ് ലീഗിനും മോഡ്രിച്ചും ബെയ്‌ലുമില്ല

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഗാലറ്റസരെയെ നേരിടാനിരിക്കുന്ന റയൽ മാഡ്രിഡ് നിരയിൽ ലൂക്ക മോഡ്രിച്ചും ഗാരെത് ബെയ്‌ലും കളിക്കില്ല. കഴിഞ്ഞ ദിവസം മയോർക്കക്കെതിരായ മത്സരത്തിലും ഇരുവരും പരിക്ക് മൂലം കളിച്ചിരുന്നില്ല. ലാ ലീഗയിൽ മയോർക്കയോട് തോറ്റ റയൽ മാഡ്രിഡ് ലീഗിൽ ബാഴ്‌സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ഇവരെ കൂടാതെ ലൂക്കാസ് വസ്‌കസും ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ ഇടം പിടിച്ചിട്ടില്ല.

അതെ സമയം പരിക്കിന്റെ പിടിയിലായിരുന്ന ഹസാർഡ്, കാർവാഹൽ, ടോണി ക്രൂസ് എന്നിവരെ ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്.  തന്റെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് ഹസാർഡ് മയോർക്കേക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.

ചാമ്പ്യൻസ് ലീഗിൽ മോശം ഫോമിലുള്ള റയൽ മാഡ്രിഡിന് താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്.  രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു പോയിന്റ് മാത്രമാണ് റയൽ മാഡ്രിഡിനുള്ളത്. പി.എസ്.ജിയോട് തോറ്റ റയൽ മാഡ്രിഡ് ക്ലബ് ബ്രൂഷിനോട് സമനില വഴങ്ങിയിരുന്നു.

Advertisement