ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു സാൽസ്ബർഗും മിലാനും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയയിൽ എ.സി മിലാനെ സമനിലയിൽ തളച്ചു റെഡ് ബുൾ സാൽസ്ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ പിരിയുക ആയിരുന്നു. പന്ത് കൂടുതൽ നേരം കൈവശം വച്ചത് മിലാൻ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ഓസ്ട്രിയൻ ക്ലബ് ആയിരുന്നു. 28 മത്തെ മിനിറ്റിൽ ഫെർണാണ്ടോയുടെ പാസിൽ നിന്നു മിലാൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് നോഹ ഒകഫോർ സാൽസ്ബർഗിന് മുൻതൂക്കം സമ്മാനിച്ചു.

എന്നാൽ സമനിലക്ക് ആയി പൊരുതി കളിച്ച മിലാൻ 12 മിനിറ്റിനകം സമനില കണ്ടത്തി. റാഫേൽ ലിയോയുടെ പാസിൽ നിന്നു അലക്സിസ് സാലെമേകേർസ് ആണ് മിലാനു സമനില സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ഫെർണാണ്ടോക്ക് ലഭിച്ച വലിയ അവസരം മുതലെടുക്കാൻ ആവാത്തത് മിലാനു ഭാഗ്യം ആയി. അവസാന നിമിഷങ്ങളിൽ റാഫേൽ ലിയോയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് മിലാന് വിജയഗോൾ നിഷേധിച്ചു. ഗ്രൂപ്പിൽ ചെൽസിയെ ഞെട്ടിയ ഡൈനാമ സാഗ്രബ് ആണ് നിലവിൽ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത്.