ചാമ്പ്യൻസ് ലീഗ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ലൈപ്സിഗിനെ ജർമ്മനിയിൽ വധിച്ചു ശാക്തർ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് ആർ.ബി ലൈപ്സിഗ് യുക്രെയ്ൻ ക്ലബ് ശാക്തർ ദൊനെസ്കിന് മുന്നിൽ നാണം കെട്ടു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് യുക്രെയ്ൻ ക്ലബ് ജർമ്മൻ ക്ലബിനെ തകർത്തത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും ലൈപ്സിഗ് ആയിരുന്നു എങ്കിലും ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റാൻ ശാക്തറിന് ആയി.

മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി 16 മത്തെ മിനിറ്റിൽ ലൈപ്സിഗ് ഗോൾ കീപ്പറുടെ കാലിൽ നിന്നു പന്ത് തട്ടിയെടുത്ത് മരിയൻ ഷെദ് യുക്രെയ്ൻ ക്ലബിന് മുൻതൂക്കം സമ്മാനിച്ചു. സമനിലക്ക് ആയുള്ള ലൈപ്സിഗ് ശ്രമം രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഫലം കണ്ടു. ഡൊമിനിക് സൊബോസലായിയുടെ പാസിൽ നിന്നു മുഹമ്മദ് സിമാകൻ അവർക്ക് സമനില സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം ശാക്തറിന്റെ സൂപ്പർ താരം മിഹൈലോ മദ്രൈകിന്റെ പാസിൽ നിന്നു മരിയൻ അവർക്ക് വീണ്ടും മുൻതൂക്കം സമ്മാനിച്ചു.

ചാമ്പ്യൻസ് ലീഗ്

76 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഹിറോഹി സുഡകോവിന്റെ പാസിൽ നിന്നു മിഹൈലോ മദ്രൈക് ഗോൾ നേടിയതോടെ ശാക്തർ ജയം ഉറപ്പിച്ചു. 10 മിനിറ്റിനുള്ളിൽ മറ്റൊരു പ്രത്യാക്രമണത്തിൽ ശാക്തർ നാലാം ഗോളും കണ്ടത്തി. മിഹൈലോ മദ്രൈകിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ലാസിന ട്രയോറെ ആണ് ഈ ഗോൾ നേടിയത്. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ നേരിടേണ്ട ലൈപ്സിഗ് അതിനു ശേഷമുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെ ആണ് നേരിടേണ്ടത്.