മെസ്സി Vs ലെവൻഡോസ്കി, ഗോളടിവീരന്മാരുടെ യൂറോപ്യൻ പോരാട്ടമിന്ന്

- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക്ക് ബാഴ്സലോണയോട് ഏറ്റുമുട്ടും. യൂറോപ്പിലെ രണ്ട് എലൈറ്റ് ടീമുകളുടെ പോരാട്ടം എന്നതിനോടൊപ്പം ഈ ജനറേഷനിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ രണ്ട് പേർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം എന്ന നിലയ്ക്കുമാണ് പ്രസക്തമാകുന്നത്. ബാഴ്സയുടെ അർജന്റീനിയൻ സൂപ്പർ സ്റ്റാർ മെസ്സിയും ബയേണിന്റെ പോളീഷ് ഗോൾ മെഷീൻ റോബർട്ട് ലെവൻഡോസ്കിയും നേർക്ക് നേർ വരുന്നു. സ്പെയിനിൽ ഈ സീസണിൽ ബാഴ്സലോണക്ക് കിരീടമൊന്നുമില്ലെങ്കിലും ലാ ലീഗയിലെ ടോപ്പ് സ്കോറർ ലയണൽ മെസ്സിയായിരുന്നു. 33 മത്സരങ്ങളിൽ 25 ഗോളടിച്ചാണ് മെസ്സി സ്പെയിനിലെ ടോപ്പ് സ്കോററായത്. കഴിഞ്ഞ സീസണുകളെ വെച്ച് നോക്കുമ്പോൾ മെസ്സിയുടെ ഗോളുകളുടെ എണ്ണം കുറവാണ്. ഇതിനു മുൻപത്തെ സീസണിൽ 36 ഗോളുകൾ മെസ്സി അടിച്ച് കൂട്ടിയിട്ടുണ്ട്. ലാ ലീഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കോപ്പ, ചാമ്പ്യൻസ് ലീഗ് എന്നീ ടൂർണമെന്റുകളിൽ നിന്നും മെസ്സി 31 ഗോളുകളാണ് അടിച്ചത്. 11 മാച്ച് വിന്നിംഗ് ഗോളുകളും ഇതിൽ ഉൾപ്പെടും.

അതേ സമയം സ്വപ്നതുല്ല്യമായ സീസണാണ് ഇത്തവണ റോബർട്ട് ലെവൻഡോസ്കിക്കുള്ളത്. ജർമ്മനിയിൽ ജെർഡ് മുള്ളർക്ക് ശേഷം ഗോളടിച്ച് ആരാധകർക്ക് ആഘോഷങ്ങളൊരുക്കിയ മറ്റൊരു താരമില്ലെന്ന് പറയാം. 31 മത്സരങ്ങളിൽ 34 ഗോളടിച്ച് ചരിത്രമെഴുതി ലെവൻഡോസ്കി. ജർമ്മൻ താരമല്ലാത്ത ഒരാളുടെ ഏറ്റവും ഉയർന്ന ഗോൾ സ്കോറിംഗ് ടാലിയാണിത്. ബുണ്ടസ് ലീഗയിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണിപ്പോൾ റോബർട്ട് ലെവൻഡോസ്കി. ഈ സീസണിലെ എല്ലാ ടൂർണമെന്റുകളിലും കൂടി കളിച്ച 44 മത്സരങ്ങളിൽ നിന്നും 53 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. ജർമ്മൻ കപ്പിൽ തുടർച്ചയായി അഞ്ചാം തവണയും ടോപ്പ് സ്കോറർ ലെവൻഡോസ്കി തന്നെയാണ്. ഇത്തവണ ലെവൻഡോസ്കി ആറ് ഗോളുകൾ അടിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. 7 മത്സരങ്ങളിൽ 13 ഗോളുകളാണ് ലെവൻഡോസ്കി അടിച്ചത്. ബയേണിന്റെ 16 മാച്ച് വിന്നിംഗ് ഗോളുകളും ലെവൻഡോസ്കിയുടേതായിരുന്നു.

മെസ്സിയും ലെവൻഡോസ്കിയും സ്പെയിനിലെയും ജർമ്മബിയിലേയും മികച്ച പെനാൽറ്റി ടേക്കർമാരാണ്. ഇരു താരങ്ങൾക്കും 100% റെക്കോർഡാണുള്ളത്. അടിച്ച് 5 പെനാൽറ്റികളിൽ അഞ്ചും മെസ്സി ഗോളാക്കിമാറ്റിയപ്പോൾ 7 തവണ പെനാൽറ്റി അടിച്ചപ്പോൾ 7ഉം ഗോളാക്കിമാറ്റാൻ ലെവൻഡോസ്കിക്കായി. ഡയറക്റ്റ് ഫ്രീ കിക്ക് ഗോളുകൾ അഞ്ചെണ്ണമാണ് മെസിയുടെ സമ്പാദ്യം. എന്നാൽ ഷാൽകെക്ക് എതിരായ മത്സരത്തിലെ ഒരൊറ്റ ഗോൾ മാത്രമേ ഡയറക്റ്റ് ഫ്രീ കിക്ക് ഗോളിന്റെ അക്കൗണ്ടിൽ ലെവൻഡോസ്കിക്കുള്ളൂ. ഈ സീസണിൽ മെസ്സി അഞ്ച് ഹാട്രിക്കുകൾ നേടിയപ്പോൾ ലെവൻഡോസ്കിക്ക് ഒരു ഹാട്രിക് മാത്രമേയുള്ളൂ. അതേ സമയം ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യൻസ് ലീഗിൽ 15 മിനുട്ടിൽ 4 ഗോളടിച്ച് ഏറ്റവും വേഗത്തിൽ 4 ഗോളടിച്ച താരമായി മാറി ലെവൻഡോസ്കി. റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ മത്സരത്തിലായിരുന്നു റോബർട്ട് ലെവൻഡോസ്കി ഈ ചരിത്രം കുറിച്ചത്.

ക്ലിനിക്കൽ ഫിനിഷുകളുടെ പേരിൽ ബയേണിന്റെ ലെവൻഡോസ്കി അറിയപ്പെടുമ്പോൾ ഗോളടിക്കാനും ഗോളടിപ്പിക്കാനും ബാഴ്സയിൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. കളിച്ച 43‌മത്സരങ്ങളിൽ 25 അസിസ്റ്റുകൾ നേടി ലയണൽ മെസ്സി. അതിൽ മൂന്നെണ്ണം യൂറോപ്പിലും ഒന്ന് സ്പാനിഷ് കപ്പിലും 21 എണ്ണം ലാ ലീഗയിലുമാണ്. 8 ഗോളുകൾക്ക് മാത്രമാണ് ലെവൻഡോസ്കി വഴിയൊരുക്കിയത്. ഫ്ലികിന്റെ കീഴിലെ ബയേണിന്റെ പ്ലേയിങ് സ്റ്റൈൽ ലെവൻഡോസ്കിയുടെ ഗോൾ സ്കോറിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. ബാഴ്സയിൽ ലയണൽ മെസ്സി തന്നെയാണ് കോർണറുകളും വൈഡ് ഫ്രീകിക്കുകളുടേയും ചുമതലയിൽ ഇപ്പോളുമുള്ളത്. മെസ്സിയും ലെവൻഡോസ്കിയും ഈ സീസണിൽ ഒരു തവണമാത്രമാണ് ഗോളടിക്കാനോ ഗോളടിപ്പിക്കാനോ പരാജയപ്പെട്ടത്.

Advertisement