ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടമാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽ കൂടെ നേർക്കുനേർ വരുന്നു. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പോരിൽ ബാഴ്സലോണ നിരയിൽ മെസ്സിയും യുവന്റസ് നിരയിൽ റൊണാൾഡോയും ഉണ്ടാകും എന്നത് ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പിൽ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കൊറോണ കാരണം റൊണാൾഡോക്ക് കളിക്കാൻ ആയിരുന്നില്ല.
ഇരു ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചത് കൊണ്ട് ആദ്യ മത്സരത്തിന്റെ അത്ര പ്രാധാന്യം ഇന്നത്തെ മത്സരത്തിനില്ല. ഇന്ന് യുവന്റസ് വിജയിച്ചാലും ഗോൾ ഡിഫറൻസ് മെച്ചമായത് കൊണ്ട് ബാഴ്സലോണ തന്നെ ആകും ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യുക. ആദ്യ മത്സരത്തിൽ യുവന്റസിന്റെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്സലോണ തോൽപ്പിക്കുകയും ചെയ്തിരുന്നു.
യുവന്റസിൽ റൊണാൾഡോ എത്തിയ ശേഷം ആദ്യമായാണ് മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്നത്. മുമ്പ് 35 തവണ രണ്ട് താരങ്ങളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 16 തവണ വിജയം മെസ്സിക്ക് ഒപ്പമായിരുന്നു.10 തവണ റൊണാൾഡോയും വിജയിച്ചു. രണ്ട് താരങ്ങളും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു എങ്കിലും ഇപ്പോഴും ലോക ഫുട്ബോളിൽ ഇവരെ വെല്ലാൻ ആൾക്കാരില്ല എന്നതാണ് സത്യം. ഇന്ന് രണ്ട് താരങ്ങളെയും ഒരുമിച്ച് ഒരു ഗ്രൗണ്ടിൽ കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് ഫുട്ബോൾ ആരാധകർ ഉള്ളത്. രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം