യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന് എതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന് മുന്നോടിയായി സൂപ്പർ താരം ലയണൽ മെസ്സി പരിശീലനത്തിൽ മടങ്ങി എത്തി. വിയ്യാ റയലിന് എതിരായ ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ മെസ്സി തിരിച്ചെത്തുന്നത് വാൽവേർഡെക്ക് ആശ്വാസമാകും.
ഗെറ്റാഫെക്ക് എതിരായ ലീഗ് മത്സരത്തിൽ നിന്ന് മെസ്സി പൂർണമായും പിന്മാറിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ മരണ ഗ്രൂപ്പിൽ ഉള്ള ബാഴ്സലോണ ആദ്യ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരെ സമനില വഴങ്ങിയിരുന്നു. ഇതോടെ ഇന്ററിന് എതിരെ നടക്കുന്ന മത്സരം ബാഴ്സക്ക് നിർണായകമാണ്. മെസ്സിക്ക് ഒപ്പം ഉസ്മാൻ ഡംബലേയും പരിശീലനത്തിൽ മടങ്ങി എത്തിയിട്ടുണ്ട്. സീരി എ യിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചു മിന്നും ഫോമിലാണ് മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെ പരിശീലിപ്പിക്കുന്ന ഇന്റർ മിലാൻ. ക്യാമ്പ് ന്യൂവിലാണ് മത്സരം അരങ്ങേറുക. മൂന്നാം തിയതി ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് മത്സരം കിക്കോഫ്.