മാറ്റങ്ങൾ ഇല്ലാ എങ്കിൽ മെസ്സി ബാഴ്സലോണ വിടും

- Advertisement -

ഇനിയും ഇങ്ങനെ നാണം കെടാൻ പറ്റില്ല എന്ന് കഴിഞ്ഞ ദിവസം ബാഴ്സ സെന്റർ ബാക്ക് പികെ പറഞ്ഞിരുന്നു. ബയേണെതിരായ 8-2ന്റെ പരാജയം ബാഴ്സലോണയുടെ പതനം പൂർണ്ണമാക്കുന്നതായിരുന്നു. ലയണൽ മെസ്സിയും ക്ലബിന്റെ പ്രവർത്തനങ്ങളിൽ അതീവ നിരാശയിലാണ്. ഇനിയും ക്ലബ് മാറാൻ തയ്യാറായില്ല എങ്കിൽ താൻ ക്ലബ് വിടും എന്നാണ് മെസ്സി ബോർഡിനോട് വ്യക്തമാക്കിയിട്ടുള്ളത്. ക്ലബിൽ എല്ലാ മേഖലയിലും മാറ്റങ്ങളാണ് മെസ്സി ആവശ്യപ്പെടുന്നത്.

ആദ്യ മാറ്റം പരിശീലകനിൽ ആകും വേണ്ടത്. സെറ്റിയനെ ഉടൻ തന്നെ പുറത്താക്കണം എന്നതാണ് മെസ്സിയുടെ ആദ്യ ആവശ്യം. ഒപ്പം മികച്ച പരിശീലകനെ തന്നെക്കൊണ്ടു വരണം. ബാഴ്സലോണയുടെ ശൈലിയിൽ കളിക്കാൻ പറ്റുന്ന പരിശീലകനെ തന്നെ എത്തിക്കണം എന്നും മെസ്സിക്ക് നിർബന്ധമുണ്ട്. യുവതാരങ്ങളെ സൈൻ ചെയ്യാനും മെസ്സി ആവശ്യപ്പെടുന്നു. അവസാന കുറേ കാലമായുള്ള ബാഴ്സലോണയുടെ ട്രാൻസ്ഫറുകൾ ദയനീയമായിരുന്നു.

ഇതിന്റൊപ്പം ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അബിദാൽ അടങ്ങുന്ന സംഘത്തെ പുറത്താക്കാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങൾ ഒക്കെ അംഗീകരിച്ചില്ല എങ്കിൽ ഇനിയും കാത്തു നിൽക്കാതെ മെസ്സി ക്ലബ് വിട്ടേക്കും. ക്ലബിന്റെ ബോർഡിനെതിരെയും മെസ്സി രംഗത്തുണ്ട്. ഇത്തവണ ഒരു കിരീടം പോലും നേടാതെയാണ് ബാഴ്സലോണ സീസൺ അവസാനിപ്പിച്ചത്.

Advertisement