മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒലെ ഗണ്ണാർ സോൾഷ്യാറിനും ഇന്ന് നിർണായക രാത്രി ആണ്. ഇന്ന് ജർമ്മനിയിൽ വെച്ച് ലൈപ്സിഗിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് ഇത്. ഈ മത്സരത്തിൽ ഒരു സമനില എങ്കിലും നേടിയാൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താൻ ആവുകയുള്ളൂ. ലൈപ്സിഗിനാവട്ടെ ഇന്ന് വിജയം നിർബന്ധവുമാണ്.
ഗ്രൂപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി, ലൈപ്സിഗ് എന്നീ ടീമുകൾക്ക് 9 പോയിന്റ് വീതമാണ് ഉള്ളത്. പി എസ് ജിക്ക് ഇന്ന് അവസാന മത്സരത്തിൽ ഇസ്താംബുൾ ബസക്ഷയിർ ആണ് എതിരാളികൾ. അതുകൊണ്ട് തന്നെ പി എസ് ജി നോക്കൗട്ട് ഉറപ്പിക്കാൻ ആണ് സാധ്യത. പി എസ് ജി തോൽക്കുകയും ലൈപ്സിഗ് മാഞ്ചസ്റ്റർ മത്സരം സമനിലയിൽ ആവുകയും ചെയ്താൽ യുണൈറ്റഡും ലൈപ്സിഗും ആകും പ്രീക്വാർട്ടറിൽ എത്തുക.
മാഞ്ചസ്റ്ററിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ലൈപ്സിഗിനെ വൻ സ്കോറിന് പരാജയപ്പെടുത്തിയത് കൊണ്ടാണ് യുണൈറ്റഡിന് ഒരു സമനില മതിയാകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇന്ന് കവാനി, മാർഷ്യൽ എന്നിവർ ഇല്ല. സസ്പെൻഷൻ കാരണം ഫ്രെഡും ടീമിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.