മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ഷാൽകെ പരീക്ഷണം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ഇന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീമായ ഷാൽകെയെ നേരിടും. കഴിഞ്ഞ അഞ്ചു സീസണിൽ മൂന്നിലും പ്രീ ക്വാർട്ടറിൽ പുറത്തായ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാനുറച്ചാണ് ഗ്വാർഡിയോള ടീമിനെ ഇറക്കുന്നത്.  കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും പ്രീമിയർ ലീഗ് ടീമായ ലിവർപൂളിന്‌ തോറ്റിരുന്നു.

അതെ സമയം സീസണിലെ ഏറ്റവും മോശം ഫോമിലുള്ള സമയത്താണ് ഷാൽകെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിറങ്ങുന്നത്. ലീഗിൽ ഇപ്പോൾ പതിനാലാം സ്ഥാനത്താണ് ഷാൽകെ. അവസാന നാല്‌ ബുണ്ടസ് ലീഗ മത്സരങ്ങളിൽ ഒന്ന് പോലും ജയിക്കാൻ ഷാൽകെക്കായിട്ടില്ല. പക്ഷെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ വെറും നാല് ഗോൾ മാത്രം വഴങ്ങിയ പ്രതിരോധത്തെ മറികടക്കാൻ അഗ്വേറൊയും സംഘവും ഒന്ന് വിയർക്കേണ്ടി വരും.

മികച്ച ഫോമിലുള്ള സെർജിയോ അഗ്വേറൊയെ ആശ്രയിച്ചു തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണം. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടു ഹാട്രിക്കുമായി താരം മികച്ച ഫോമിലാണ്.  അടുത്ത ഞായറാഴ്ച ലീഗ് കപ്പ് ഫൈനലിൽ ചെൽസിയെ നേരിടാനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി എങ്ങനെ ഇന്നത്തെ ടീമിനെ ഇറക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബുണ്ടസ്‌ലിഗയിലെ മോശം ഫോമിൽ തുടരുന്ന ഷാൽകെക്ക് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എത്ര വെല്ലുവിളി ശ്രിഷ്ട്ടിക്കാനാവും എന്ന് കാത്തിരുന്ന് കാണാം.

മാഞ്ചസ്റ്റർ സിറ്റി നിരയിൽ പരിക്ക് മാറി വിൻസെന്റ് കമ്പനി, മെന്റി, മംഗലാ എന്നിവർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ജോൺ സ്റ്റോൺസും ഗബ്രിയേൽ ജെസൂസും ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ടീമിൽ നിന്ന് പുറത്താണ്.