ആവേശകരമായ മത്സരത്തിൽ ഹോഫൻഹെയ്‌മിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മത്സരം സമനിലയിലാവുമെന്ന തോന്നിച്ച ഘട്ടത്തിൽ ഡേവിഡ് സിൽവ നേടിയ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടി കൊടുത്തത്. ആദ്യ മത്സരത്തിൽ ലിയോണിനോട് സ്വന്തം ഗ്രൗണ്ടിൽ തോറ്റ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്നത്തെ ജയം ആശ്വാസം നൽകും
നേരത്തെ മത്സരം തുടങ്ങി ഒരു മിനുട്ട് ആവുന്നതിനു മുൻപ് തന്നെ മാഞ്ചസ്റ്റർ സിറ്റി പിറകിലായി. ഡെമിർബേയുടെ പാസിൽ നിന്ന് ബെൽഫോഡിൽ ആണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ തന്നെ മാഞ്ചസ്റ്റർ സിറ്റി അഗ്വേറോയിലൂടെ മത്സരത്തിൽ സമനില പിടിച്ചു. ഡേവിഡ് സിൽവ തുടങ്ങി വെച്ച മുന്നേറ്റത്തിൽ സനേ നൽകിയ പന്ത് ഹോഫൻഹെയിം പ്രതിരോധ നിരയെ കബളിപ്പിച്ച് അഗ്വേറോ ഗോൾ നേടുകയായിരുന്നു.
തുടർന്നും മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സിറ്റിക്കായില്ല. ശേഷം മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ഡേവിഡ് സിൽവയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മത്സരം സ്വന്തമാക്കിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് പ്രതിരോധിക്കുന്നതിൽ ഹോഫൻഹെയിം താരം പോഷ് വരുത്തിയ പിഴവ് മുതലെടുത്താണ് സിൽവ ഗോൾ നേടിയത്.