ഹാട്രിക്ക് ഡിബാല!! യുവന്റസ് വിജയ പരമ്പര തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന താരം ഡിബാല സൂപ്പർ ഹീറോ ആയി മാറിയ മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. ഇന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ യുവന്റസ് റൊണാൾഡോ ഇല്ലാതിരുന്നിട്ട് വരെ വൻ ജയമാണ് സ്വന്തമാക്കിയത്. യങ് ബോയ്സിനെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ന് ജയിച്ചത്. ഡിബാലയുടെ ഹാട്രിക്കാണ് യുവന്റസിന് ഈ ഏകപക്ഷീയമായ വിജയം സമ്മാനിച്ചത്.

കളിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ഡിബാല ആദ്യ ഗോൾ നേടി. ബൊണൂച്ചിയുടെ ഒരു ലോംഗ് പാസിൽ നിന്നായിരുന്നു ഡിബാലയുടെ ഫിനിഷ്. കളിയുടെ 33ആം മിനുട്ടിൽ വീണ്ടും ഡിബാല സ്കോർ ചെയ്തു. യുവന്റസിന്റെ ഷോട്ട് യങ്ബോയ്സ് കീപ്പർ തട്ടി അകറ്റിയപ്പോൽ അത് ടാപിൻ ചെയ്ത് വലയിൽ എത്തിച്ച് കൊണ്ടായിരുന്നു ഡിബാലയുടെ രണ്ടാം ഗോൾ.

69ആം മിനുട്ടിൽ കൊഡ്രാഡൊയുടെ അസിസ്റ്റിൽ നിന്നാണ് ഹാട്രിക്ക് ഡിബാല തികച്ചത്. 2013ൽ വിദാൽ ഹാട്രിക്ക് നേടിയതിന് ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്നത്. രണ്ട് മത്സരങ്ങളിൽ രണ്ടു ജയിച്ച യുവന്റസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്. യങ് ബോയ്സ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.