ചാമ്പ്യൻസ് ലീഗിൽ ഒളിംപ്യക്കോസിനെതിരെ അനായാസ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഒളിംപ്യക്കോസിനെ പരാജയപ്പെടുത്തിയത്. പരിക്കിൽ നിന്ന് തിരിച്ചുവന്ന ജെസൂസ് ഗോളടിച്ചപ്പോൾ ഫെറാൻ ടോറസും ജോ കാൻസെലോയും മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു ഗോളുകൾ നേടി.
ആദ്യ പകുതിയുടെ 12മത്തെ മിനുട്ടിൽ ഫെറാൻ ടോറസിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഗോളടി തുടങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ തുടർച്ചയായ നാലാമത്തെ ഗോളായിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിൽ സമനില ഗോൾ നേടാൻ ഒളിംപ്യകോസ് താരം മാത്യു വാൽബുനക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. തുടർന്ന് രണ്ടാമത്തെ ഗോളിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി 81മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരനായി ഇറങ്ങിയ ജെസൂസ് ആണ് സിറ്റിയുടെ രണ്ടമത്തെ ഗോൾ നേടിയത്.
അവസാന മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ജോ കാൻസെലോ മൂന്നാമത്തെ ഗോളും നേടി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം അനായാസമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.