യുവന്റസിനെതിരെ ഒരു സർപ്രൈസിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

- Advertisement -

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അപ്രതീക്ഷിത നീക്കത്തിന് അണിയറയിൽ ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം തഹിത് ചോങിനെ യുവന്റസിനെതിരെ മൗറീനോ ഇറക്കിയേക്കും എന്നാണ് വിവരങ്ങൾ. 18കാരനായ തഹിത് ചോങ് ഇതിവരെ മാഞ്ചസ്റ്ററിനായി അരങ്ങേറിയിട്ടില്ല.

പക്ഷെ ഈ കഴിഞ്ഞ പ്രീസീസൺ ടൂറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ചോങ്ങും ഉണ്ടായിരുന്നു. ചോങ് അമേരിക്കയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യുവന്റസിനെതിരായി ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചോങ്ങും പരിശീലനം നടത്തുന്നുണ്ട്. ഇതാണ് ചോങ്ങിനെ മൗറീനോ യുവന്റസിനെതിരെ ഇറക്കുമെന്ന പ്രതീക്ഷ നൽകുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ നല്ല വാർത്തകൾ കേട്ട താരമാണ് ചോങ്. താരത്തിന്റെ അരങ്ങേറ്റം ഈ വലിയ മത്സരത്തിലാകുമോ എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.

Advertisement