ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരമാണ്. ആൻഫീൽശിൽ ലിവർപൂൾ ബാഴ്സലോണക്ക് എതിരെ ഇറങ്ങുമ്പോൾ മറികടക്കാൻ ഉള്ളത് ചെറിയ സ്കോറല്ല. ആദ്യ പാദത്തിൽ ബാഴ്സലോണയുടെ ഹോമിൽ വെച്ച് എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയം ലിവർപൂൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഫൈനൽ കാണണമെങ്കിൽ ആ സ്കോർ ലിവർപൂൾ മറികടക്കണം.
ആദ്യ പാദത്തിൽ ബാഴ്സലോണ മൂന്ന് ഗോളുകൾ അടിച്ചു എങ്കിലും ലിവർപൂൾ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിലെ ഫോമും ക്ലോപ്പിന്റെ ടീമിന് പ്രതീക്ഷ നൽകുന്നു. പക്ഷെ പരിക്കേറ്റ മൊഹമ്മദ് സലായും ഫർമീനോയും ഉണ്ടാകില്ല എന്നത് ലിവർപൂളിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു സലായ്ക്ക് പരിക്കേറ്റത്.
ലാലിഗയിൽ കഴിഞ്ഞ മത്സരത്തിൽ മുഴുവൻ പ്രധാന താരങ്ങൾക്കു വിശ്രമം നൽകിയ ബാഴ്സലോണ പൂർണ്ണ കരുത്തിലാണ് ആൻഫീൽഡിക് എത്തിയിരിക്കുന്നത്. ഡെംബലെ മാത്രമാണ് പരിക്ക് കാരണം ഇന്ന് ബാഴ്സലോണ നിരയിൽ ഇല്ലാത്തത്. മികച്ച ഫോമിൽ ഉള്ള മെസ്സിയിൽ തന്നെയാണ് വാല്വെർഡെയുടെ പ്രതീക്ഷ. ആദ്യ പാദത്തിൽ ബാഴ്സലോണ നേടിയ മൂന്ന് ഗോളുകളിൽ രണ്ട് ഗോളുകളും മെസ്സി ആയിരുന്നു നേടിയത്.