ബാഴ്സലോണയുടെ പരാജയത്തോടെ സ്പാനിഷ് ടീമുകൾ എല്ലാം ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലെപ്സിഗിനോട് തോറ്റ് അത്ലറ്റിക്കോ മാഡ്രിഡും കഴിഞ്ഞ റൗണ്ട മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഇതോടെ സ്പാനിഷ് ടീമില്ലാത്ത ഒരു സെമി ഫൈനലാകും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ നടക്കുക എന്ന് ഉറപ്പായി.
2007ന് ശേഷം ആദ്യമായാണ് ഒരു ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഒരു സ്പാനിഷ് ടീം പോലും ഇല്ലാത്തത്. ഇത്തവണ ഇതിനകം രണ്ട് ജർമ്മൻ ടീമും ഒരു ഫ്രഞ്ച് ടീമുമാണ് സെമിയിൽ എത്തിയത്. ഇനി ബാക്കി ഉള്ള ക്വാർട്ടർ ആണെങ്കിൽ സിറ്റിയും ലിയോണും തമ്മിലാണ്. ലാലിഗ ടീമുകളുടെ നിലവാരം അവസാന സീസണുകളിൽ പിറകോട്ട് ആണ് എന്ന സത്യം കൂടിയാണ് ഇത് കാണിക്കുന്നത്. ഇത് കൂടാതെ 2005ന് ശേഷം മെസ്സിയോ റൊണാൾഡോയോ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് സെമി എന്ന പ്രത്യേകതയും ഇത്തവണത്തെ സെമി പോരാട്ടങ്ങൾക്ക് ഉണ്ടാകും