17കാരനായ ജൂഡ് ബെല്ലിങ്ഹാം താരമായി മാറിയ മത്സരത്തിൽ ഡോർട്മുണ്ടിന് വിജയം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തുർക്കി ക്ലബായ ബെസികസിനെ ആണ് ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. തുർക്കിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു വിജയം. ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ യുവ ഇംഗ്ലീഷ് താരത്തിന് ഇന്നായി. 20ആം മിനുട്ടിലായിരുന്നു ബെല്ലിങ്ഹാമിന്റെ വക ആദ്യ ഗോൾ. മുനിയറിന്റെ പാസ് സ്വീകരിച്ചായിരുന്നു ഗോൾ. താരത്തിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ രണ്ടാം ഗോളാണിത്.
ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോളിന് വഴി ഒരുക്കാനും ജൂഡിനായി. 45ആം മിനുട്ടിൽ ഹാളണ്ടാണ് ജൂഡിന്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം കിട്ടിയ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ മടക്കാൻ ബെസികാസിനായി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. പ്യാനിചിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ മൊണ്ടെരോ ആയിരുന്നു ഗോൾ നേടിയത്.
ഇനി അടുത്ത ഗ്രൂപ്പ് മത്സരത്തിൽ ഡോർട്മുണ്ട് പോർച്ചുഗീസ് ക്ലബായ സ്പോർടിംഗിനെ ആകും നേരിടേണ്ടത്.