ഹാട്രിക്കുമായി ഒർസിച്, ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തകർന്നടിഞ്ഞ് അറ്റലാന്റ

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ തകർന്നടിഞ്ഞ് ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രൊയേഷ്യൻ ക്ലബ്ബായ ഡൈനാമോ സഗ്രെബ് അറ്റലാന്റയെ പരാജയപ്പെടുത്തിയത്. മിസ്ലാവ് ഒർസിചിന്റെ ഹാട്രിക്കാണ് സീരി എ ക്ലബ്ബിന്റെ നടുവൊടിച്ചത്. മാരിൻ ലിയോവാചാണ് ഡൈനാമോയുടെ ആദ്യ ഗോൾ നേടിയത്.

തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് പരാജയങ്ങൾക്ക് ശേഷമാണ് വമ്പൻ ജയവുമായി ഡൈനാമോ സാഗ്രെബ് വരവറിയിച്ചത്. മാഞ്ചസ്റ്റർ സിറ്റിയും ശാകറും ഉള്ള ഗ്രൂപ്പ് സിയിൽ ആർക്കും എളുപ്പത്തിൽ ജയിച്ച് കേറാനാവില്ലെന്ന സന്ദേശമാണ് ഡൈനാമോ ഇന്ന് നൽകിയത്. കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ 77 ഗോളുകളടിച്ച അറ്റലാന്റയുടെ അക്രമണനിര ഇന്ന് നോക്കുകുത്തികളായി. മാഞ്ചസ്റ്റർ സിറ്റിയാണ് അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡൈനാമോയുടെ എതിരാളികൾ.