ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയ പി എസ് ജി താരങ്ങളുടെ ആഘോഷങ്ങൾ എല്ലാം 19കാരനായ ഹാളണ്ടിനെ ലക്ഷ്യമിട്ടായിരുന്നു. ആദ്യ പാദത്തിൽ ഇരട്ട ഗോളുകളുമായി ഡോർട്മുണ്ടിനായി തിളങ്ങിയ ടീനേജ് താരം ഹാളണ്ടിന്റെ ആഹ്ലാദ രീതിയെ പരിഹസിക്കാൻ ആണ് ഇന്നലെ പി എസ് ജി കൂടുതൽ സമയം കണ്ടെത്തിയത്. ഇന്നലെ ആദ്യ ഗോൾ നേടിയപ്പോൾ നെയ്മർ ഹാളണ്ടിന്റെ ആഹ്ലാദ രീതി പകർത്തി പരിഹസിച്ചിരുന്നു.
എന്നാൽ ഈ ഒരൊറ്റ ആഹ്ലാദത്തിൽ പി എസ് ജി നിർത്തിയില്ല. മത്സര ശേഷം ടീം ഒന്നാകെ ഹാളണ്ടിനെ പരിഹസിച്ച് ആഹ്ലാദം നടത്തി. അതിനു ശേഷം സാമൂഹിക മാധ്യമങ്ങളിലും താരത്തെ പരിഹസിച്ച് പി എസ് ജി താരങ്ങൾ നിറഞ്ഞു നിന്നു. പി എസ് ജി നേടിയ മികച്ച വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നതാണ് ഈ ആഹ്ലാദങ്ങൾ എന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്നു. 19കാരനായ താരത്തിനെതിരെ തിരിയാൻ മാത്രം എന്താണ് പി എസ് ജി താരങ്ങളെ പ്രകോപിപിച്ചത് എന്നും വ്യക്തമല്ല.