അവസാന ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ പുറത്താക്കി കൊണ്ട് ലിയോൺ സെമി ഫൈനലിലേക്ക് കടന്നതോടെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഇത്തവണത്തെ സെമി ഫൈനലുകൾ തീരുമാനമായി. ഫ്രാൻസിലെ രണ്ട് ടീമുകളും ജർമ്മനിയിലെ രണ്ട് ടീമുകളുമാണ് ഇത്തവണ സെമി ഫൈനലിൽ ഉള്ളത്. ആദ്യമായാണ് രണ്ട് ഫ്രഞ്ച് ടീമുകൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരുമിച്ച് സെമി ഫൈനലിൽ എത്തുന്നത്. 1995ന് ശേഷം ഇംഗ്ലണ്ടിൽ നിന്നോ സ്പെയിനിൽ നിന്നോ ഒരു ടീം ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്ന പ്രത്യേകതയും ഇത്തവണത്തെ സെമി ഫൈനലിന് ഉണ്ട്.
മാഞ്ചെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്ന ലിയോൺ സെമിയിൽ ബയേൺ മ്യൂണിക്കിനെ ആകും നേരിടുക. ബാഴ്സലോണയെ 8-2ന് പരാജയപ്പെടുത്തി ആയിരുന്നു ബയേൺ സെമിയിലേക്ക് കടന്നത്. രണ്ടാം സെമിയിൽ ലെപ്സിഗും പി എസ് ജിയും തമ്മിലും ഏറ്റുമുട്ടും. അറ്റലാന്റയെ പരാജയപ്പെടുത്തി ആണ് പി എസ് ജി സെമിയിലേക്ക് കടന്നത്. അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചായിരുന്നു ലെപ്സിഗിന്റെ വരവ്. ഓഗസ്റ്റ് 18നും 19നുമാണ് സെമി ഫൈനലുകൾ നടക്കുക.
ഓഗസ്റ്റ് 18 – പി എസ് ജി vs ലെപ്സിഗ് ( രാത്രി 12.30)
ഓഗസ്റ്റ് 19 – ബയേൺ vs ലിയോൺ (രാത്രി 12.30)