ധോണിക്ക് ആശംസകളുമായി ബി.സി.സി.ഐയും സൗരവ് ഗാംഗുലിയും

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ആശംസകളുമായി ബി.സി.സി.ഐയും മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും. ഇന്നലെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ധോണി അറിയിച്ചത്.

റാഞ്ചിയിൽ നിന്നുള്ള ധോണി ശാന്ത സ്വഭാവം കൊണ്ടും മികച്ച നേതൃ ഗുണം കൊണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റിയെന്നും ബി.സി.സി.ഐ തങ്ങളുടെ കുറിപ്പിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആരാധിക്കപെട്ട ക്രിക്കറ്റ് താരമായ ധോണി ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആണെന്നും ബി.സി.സി.ഐ കുറിപ്പിൽ പറഞ്ഞു. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011 ഏകദിന ലോകകപ്പ് കിരീടവും 2013ലെ ചാമ്പ്യൻസ് ലീഗ് കിരീടവും ധോണിക്ക് കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കിയ ഏക ക്യാപ്റ്റനും ധോണി തന്നെയാണ്.

ധോണിയുടെ വിരമിക്കൽ ഒരു യുഗത്തിന്റെ അവസാനമാണെന്നും രാജ്യത്തിനും ലോക ക്രിക്കറ്റിനും ധോണി ഒരു മികച്ച താരമായിരുന്നെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ധോണിയുടെ നേതൃപാടവം മികച്ചതായിരുന്നെന്നും താരത്തിന്റെ നേതൃപാടവത്തിന് അടുത്ത് മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.

Advertisement