ചാമ്പ്യൻസ് ലീഗിൽ ഗലറ്റസരായെ സമനിലയിൽ കുരുക്കി ക്ലബ്ബ് ബ്രൂജ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ഇസ്താംബുള്ളിലെ ലാസ്റ്റ് മിനുട്ട് ഡ്രാമ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജിലേക്ക് എത്തിക്കുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളിലാണ് സമനില ഗോൾ ക്ലബ്ബ് ബ്രൂജ് നേടിയത്.
ഗോൾ സെലിബ്രേഷൻ അതിരുകടന്നപ്പോൾ ബ്രൂജിന്റെ ഡിയാറ്റയും ക്ലിന്റൺ മാറ്റയും ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഈ സമനില ഗ്രൂപ്പ് എയിലെ ഗലറ്റസരായുടേയും ക്ലബ്ബ് ബ്രൂജിന്റെയും നോക്കൗട്ട് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുകയും റയൽ മാഡ്രിഡ് പോയന്റ് നിലയിൽ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ 11 ആം മിനുട്ടിൽ ആദം ബുയുകിന്റെ ഗോളിലാണ് ഗലറ്റസരായ് സ്വന്തം ആരാധകർക്ക് മുന്നിൽ ആദ്യ ഗോൾ നേടിയത്. പിന്നീട് ഇഞ്ചുറി ടൈമിലാണ് ബ്രൂജിന് വേണ്ടി ഡിയറ്റ ഗോളടിക്കുന്നത്. ഈ സമനില ബെൽജിയൻ ടീമായ ബ്രൂജിന് യൂറോപ്പ യോഗ്യതയ്ക്കായി ഒരു പടികൂടെ അടുപ്പിച്ചു. അവസാന മത്സരത്തിൽ ഗലറ്റസരയ് പിഎസ്ജിയേയും ബ്രൂജ് റയലിനേയും നേരിടും.