മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ പഴയ ഡി ഹിയ അല്ലാ എന്ന് പറയേണ്ടി വരും. ഈ ഒരു വർഷം ഡി ഹിയയെ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറിൽ നിന്ന് സാധാരണ ഒരു ഗോൾ കീപ്പറിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിന്റെ ഒന്നാം നമ്പറായി ഡി ഹിയ പോകുമ്പോൾ നൂയറിനേക്കാൾ മികച്ച കീപ്പറായിരുന്നു ഡി ഹിയ എന്ന ചർച്ചകളായിരുന്നു. പക്ഷെ പോർച്ചുഗലിനെതിരായ ഒരു മത്സരം ഡി ഹിയയുടെ ടാലന്റിൽ ആദ്യമായി ചോദ്യമുയർത്തി.
അന്ന് റൊണാൾഡോയുടെ ഒരു ഷോട്ട് ഡി ഹിയയുടെ പിഴവ് കൊണ്ട് ഗോളായത് ആരും മറന്നു കാണില്ല. അന്ന് മുതൽ ഇങ്ങോട്ട് ഡി ഹിയ പഴയ ഡിഹിയ അല്ല. മാഞ്ചസ്റ്റർ ജേഴ്സിയിൽ നല്ല പ്രകടനങ്ങൾ ഉണ്ടായി എങ്കിലും ആർക്കും മറികടക്കാനാവാത്ത ഒരു ഡി ഹിയ ഇപ്പോൾ ഇല്ല. ഈ സീസണിൽ ടോട്ടൻഹാമിനെതിരായ ഒരു മത്സരത്തിൽ അല്ലാതെ ഡിഹിയയുടെ മികവ് കൊണ്ട് മാത്രമൊരു ജയം യുണൈറ്റഡ് നേടിയില്ല.
പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അബദ്ധങ്ങൾ കാണിച്ച ഗോൾ കീപ്പർ ഡി ഹിയ ആണ്. ഡി ഹിയയുടെ പിഴവു കൊണ്ട് മാത്രം ലീഗിൽ മൂന്ന് ഗോളുകൾ യുണൈറ്റഡ് വഴങ്ങി. അതു കൂടാതെ ഡി ഹിയയുടെ ഡെലിവറികൾ പാളുന്നതിലൂടെ യുണൈറ്റഡ് സമ്മർദ്ദത്തിൽ ആകുന്നതും ഗോൾ വഴങ്ങുന്നതും അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ വരെ കണ്ടതാണ്.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ അത് ഒന്നു കൂടെ ഉറച്ചു. മെസ്സിയുടെ തീർത്തും ദുർബലമായ ഷോട്ടാണ് ഇന്നലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഡി ഹിയ വലയിൽ എത്തിച്ചു കൊടുത്തത്. യുണൈറ്റഡിൽ പുതിയ കരാർ ലഭിക്കാത്തത് ആണ് ഡി ഹിയയെ സമ്മർദ്ദത്തിലാക്കുന്നത് എന്ന് ഫുട്ബോൾ നിരീക്ഷകർ പറയുന്നു. ഡി ഹിയ ചോദിക്കുന്ന വേതനം യുണൈറ്റഡ് കൊടുക്കാൻ ക്ലബ് തയ്യാറല്ല. ഇത് താരത്തിന്റെ ഫോമിനെ ബാധിക്കുന്നുണ്ടാകാം. എന്തു തന്നെ ആയാലും ഡി ഹിയ പഴയ ഡിഹിയ അല്ല എന്ന് തന്നെ പറയേണ്ടി വരും.