ചാമ്പ്യൻസ് ലീഗിൽ റഷ്യൻ ടീമായ ക്രാസ്നോദറിനെതിരെ ചെൽസിക്ക് ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ചെൽസി നാല് ഗോൾ നേടിയെങ്കിലും ഒരു ഘട്ടത്തിൽ ചെൽസിക്കെതിരെ ഒപ്പത്തിനൊപ്പം പോരാടാൻ ക്രാസ്നോദറായെങ്കിലും അവർക്ക് ഗോൾ നേടാനായില്ല. ചെൽസിയുടെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ വാർണറിനെ ഫൗൾ ചെയ്തതിന് ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ നഷ്ട്ടപെടുത്തുകയും ചെയ്തു. ജോർജിഞ്ഞോയുടെ ശ്രമം പോസ്റ്റിൽ തട്ടുകയും തുടർന്ന് ഗോൾ കീപ്പറുടെ ദേഹത്ത് തട്ടിപ്പുറത്തുപോവുകയും ചെയ്തു. എന്നാൽ ആദ്യ പകുതി തീരുന്നതിന് മുൻപ് ചെൽസി ഹഡ്സൺ ഒഡോയിലൂടെ ലീഡ് നേടി. ക്രാസ്നോദർ ഗോൾ കീപ്പറുടെ പിഴവാണ് ചെൽസിക്ക് ഗോൾ നേടികൊടുത്തത്.
എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ക്രാസ്നോദർ ചെൽസിക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ട്ടിച്ചു. ക്രാസ്നോദറിന്റെ ശ്രമം ബാറിൽ തട്ടിമടങ്ങിയതും അവർക്ക് തിരിച്ചടിയായി. തുടർന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ് പുലിസിച്ച്, കാന്റെ, മേസൺ മൗണ്ട് എന്നിവരെ ഇറക്കി മത്സരം ചെൽസിക്ക് അനുകൂലമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വീണ്ടും ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി കൊണ്ട് വാർണർ ചെൽസി ലീഡ് ഇരട്ടിയാക്കിയപ്പോൾ അധികം വൈകാതെ ഹകീം സിയെചിലൂടെ ചെൽസി മൂന്നാമത്തെ ഗോളും നേടി. ചെൽസിക്ക് വേണ്ടി സിയെചിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ക്രിസ്ത്യൻ പുലിസിച്ചിലൂടെ ചെൽസി നാലാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.