ബെൻഫികയുടെ കൊട്ടും ഏറ്റു വാങ്ങി ബാഴ്സലോണ, പോർച്ചുഗലിൽ നിന്ന് ദുരിതം മാത്രം സമ്പാദിച്ച് മടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ വിജയം നേടിയപ്പോൾ പ്രതീക്ഷ വന്നിരുന്നു എങ്കിലും ബാഴ്സലോണ വീണ്ടും നിരാശയിലേക്ക് കൂപ്പുകുത്തുന്നതാണ് ഇന്ന് പോർച്ചുഗലിൽ കണ്ടത്. ഇന്ന് ബെൻഫികയ്ക്ക് എതിരെ ദയനീയമായ പരാജയം ബാഴ്സലോണ ഏറ്റുവാങ്ങി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെൻഫിക ഇന്ന് വിജയിച്ചത്. ഇന്ന് തുടക്കം തന്നെ ബാഴ്സ്ക്ക് മോശമായിരുന്നു. മൂന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണക്ക് എതിരെ ബെൻഫിക ലീഡ് എടുത്തു. ബാഴ്സലോണ ഡിഫൻസ് ഡിഫൻഡ് ചെയ്യാൻ മറന്ന നിമിഷം മുതലെടുത്ത് മുന്നേറിയ നുനസ് ടെർ സ്റ്റേഗനെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തുക ആയിരുന്നു.

മത്സരത്തിന്റെ 12ആം മിനുട്ടിൽ മഞ്ഞ കാർഡ് ലഭിച്ച പികെയ്ക്ക് 30ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ റഫറിയുടെ ദയ ബാഴ്സയെ പത്തു പേരാക്കി ചുരുക്കിയില്ല. ഇതിനു പിന്നാലെ കോമൻ പികെയെ സബ്ബ് ചെയ്യുന്നതും കാണാൻ ആയി. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെൻഫിക രണ്ടാം പകുതിയിലും ബാഴ്സലോണയെ വെള്ളം കുടിപ്പിച്ചു. 69ആം മിനുട്ടിൽ റാഫാ സിൽവ ബാഴ്സയുടെ വലയിൽ രണ്ടാം ഗോളും എത്തിച്ചു. ജവൊ മറിയയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

രണ്ടാം ഗോൾ വീണതോടെ ബാഴ്സലോണ പരാജയം സമ്മതിച്ചു എങ്കിലും ബെൻഫിക നിർത്തിയില്ല. 79ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബെൻഫികയുടെ മൂന്നാം ഗോളും വന്നു. നുനസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇതിനു ശേഷം ബാഴ്സലോണ സെന്ററ്റ് ബാക്ക് എറിക് ഗാർസിയ ചുവപ്പ് കണ്ട് പുറത്താകുന്നതും ബാഴ്സലോണ ആരാധകർക്ക് കാണേണ്ടി വന്നു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബയേണോടും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു ഗോൾ വഴങ്ങിയ ബാഴ്സലോണക്ക് ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.