ചാമ്പ്യൻസ് ലീഗിൽ മൂന്നിൽ മൂന്ന് ജയവുമായി ബയേൺ മ്യൂണിക്ക്. റോബെർട്ട് ലെവൻഡോസ്കി ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇരിടവേളക്ക് ശേഷം കോരെന്റിൻ ടൊളീസൊ ബയേണിന് വേണ്ടി സ്കോർ ചെയ്തു. ഗ്രീസിൽ മികച്ച പ്രകടനമാണ് ആതിഥേയരായ ഒളിമ്പ്യക്കോസ് കാഴ്ച്ചവെച്ചത്. 3-2 ന്റെ ജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.
ഒളിമ്പ്യക്കോസിന് വേണ്ടി എൽ- അറബിയും ഗിൽഹേർമേയും ഗോളടിച്ചു. 23 ആം മിനുട്ടിൽ എൽ-അറബിയുടെ ഗോളിലൂടെ ഒളിമ്പ്യക്കോസ് ആണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ ലെവൻഡോസ്കിയിലൂടെ ബയേൺ 34 ആം മിനുട്ടിൽ സമനില നേടി. പിന്നീട് കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യം ലെവൻഡോസ്കിയിലൂടെ ബയേൺ ലീഡുയർത്തി. പിന്നീട് ടൊളീസോ ലീഡുയർത്തി. ഗിൽഹേർമയിലൂടെ ഒളിമ്പ്യക്കോസ് ആശ്വാസ ഗോളും നേടി. ആദ്യം ബയേണിനെ ഞെട്ടിക്കാൻ സാധിച്ചെങ്കിലും മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ ബയേണിന് സാധിച്ചിരുന്നു. രണ്ട് മികച്ച അവസരങ്ങളാണ് കൗട്ടീനോ നഷ്ടപ്പെടുത്തിയത്. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. കഴിഞ്ഞ 11 യൂറോപ്യൻ എവേ മത്സരങ്ങളിൽ അപരാജിതരായി തുടരുകയാണ് ജർമ്മൻ ചാമ്പ്യന്മാർ.