അഞ്ചടിച്ച് റെഡ്സ്റ്റാറിനെതിരെ വമ്പൻ ജയവുമായി സ്പർസ്

യൂറോപ്പിൽ വമ്പൻ തിരിച്ചുവരവുമായി ടോട്ടെൻഹാം ഹോട്ട് സ്പർസ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പർസ് ഇന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്. ബയേണിനോട് 7-2 നാണം കെട്ട തോൽവി വഴങ്ങിയ സ്പർസ് ചാമ്പ്യൻസ് ലീഗിൽ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഹാരി കേയ്നും സണ്ണും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ എറിക് ലമേലയാണ് മറ്റൊരു ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ സ്പർസിന്റെ ആദ്യ ജയം കൂടിയാണിത്. ഇതോട് കൂടി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ ടോട്ടെൻഹാമിനായി. പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന സ്പർസിന് ആശ്വാസം കൂടിയാണ് ഈ ജയം. ഈ സീസണിൽ പലരുമെഴുതി തള്ളിയ പോചെറ്റിനോയ്ക്കും സംഘത്തിനും വമ്പൻ ജയത്തിലാശ്വസിക്കാം. അർജന്റീനിയൻ താരം എറിക് ലമേലയുടെ മികച്ച പ്രകടമാണ് എടുത്ത് പറയേണ്ടത്. സണ്ണിന്റെയും കെയ്നിന്റെയും ഗോളിന് വഴിയിരുക്കിയ ലമേല സ്പർസിന്റെ നാലാം ഗോൾ നേടുകയും ചെയ്തു.