ചാമ്പ്യൻസ് ലീഗിൽ അയാക്‌സിനെ വൈകിയ ഗോളിൽ മറികടന്ന് ചെൽസിക്ക് ഉജ്ജ്വല ജയം. മിച്ചി ബാത്ശുവായിയുടെ ഗോളാണ് ചെൽസിക്ക് നിർണായക ജയം സമ്മാനിച്ചത്. ചെൽസിയുടെ അമേരിക്കൻ വിങർ പുലിസിക് പകരക്കാരനായി നടത്തിയ മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ കളി തീരാൻ 4 മിനുട്ട് ബാക്കി നിൽക്കെയാണ് ചെൽസി ജയം തട്ടി എടുത്തത്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരുവർകുമായില്ല. മേസൻ മൗണ്ടിലൂടെ ചെൽസിക്ക് ലഭിച്ച സുവർണാവസരം അയാക്‌സ് ഗോളി തട്ടിയകറ്റി. 37 ആം മിനുട്ടിൽ പ്രോംസിലൂടെ അയാക്‌സ് ലീഡ് നേടി എന്ന് കരുതിയെങ്കിലും VAR ഗോൾ ഓഫ് സൈഡ് ആണെന്ന് വിധിച്ചു. ടോമോറി, ആസ്പിലിക്വറ്റ എന്നിവരുടെ മികച്ച പ്രതിരോധമാണ് ചെൽസിയെ പിറകിൽ പോകുന്നതിൽ നിന്ന് ആദ്യ പകുതിയിൽ രക്ഷിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനാവാതെ വന്നതോടെ ലംപാർഡ് വില്ലിയൻ, അബ്രഹാം എന്നിവരെ പിൻവലിച്ച് പുലിസിക്, ബാത്ശുവായി എന്നിവരെ കളത്തിൽ ഇറക്കി. ഇതോടെ ഇടത് വിങ്ങിലൂടെ തുടർച്ചയായി ആക്രമണം നടത്തിയ ചെൽസിക്ക് 86 ആം മിനുട്ടിൽ കാത്തിരുന്ന ഗോൾ ലഭിച്ചു. പുലിസിക്കിന്റെ പാസിൽ നിന്ന് ബാത്ശുവായിയുടെ മികച്ച ഫിനിഷിൽ 3 പോയിന്റ് ചെൽസിയുടെപോകറ്റിലായി. ജയത്തോടെ 6 പോയിന്റുള്ള ചെൽസി ഗ്രൂപ്പിൽ സാധ്യതകൾ സജീവമാക്കി.