പുതിയ പ്രതീക്ഷകളുമായി വീണ്ടും ചാമ്പ്യൻസ് ലീഗിനൊരുങ്ങി ബാഴ്സലോണ

കയ്പ്പേറിയ നിമിഷങ്ങൾ സമ്മാനിച്ച അവസാന സീസണുകളിലെ ചാമ്പ്യൻസ് ലീഗ് ഓർമകൾക്ക് മേൽ പുതിയ ടീമും പുതിയ പ്രതീക്ഷകളുമായി ബാഴ്സലോണ വീണ്ടും കളത്തിലേക്ക് എത്തുന്നു. യൂറോപ്പയിലേക്ക് വരെ എത്തേണ്ടി വന്ന അവസാന സീസണിലെ ഗ്രൂപ്പ് സ്റ്റേജിനെ ഓർമപ്പെടുത്തുമാറ് ഇത്തവണ മരണ ഗ്രൂപ്പിൽ തന്നെയാണ് ടീം ഉള്ളത്. ഗോളടിച്ചു കൂട്ടുന്ന ലീഗിലെ ഫോം തന്നെ ചാമ്പ്യൻസ് ലീഗിലും ആവർത്തിക്കാൻ ആണ് ബാഴ്സലോണ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിൽ ഗ്രൂപ്പിലെ താരതമ്യേന ദുർബലർ ആയ വിക്ടോറിയാ പ്ലസെൻ ആണ് എതിരാളികൾ. മികച്ച തുടക്കം തന്നെ നേടി കടുപ്പമേറിയ ഗ്രൂപ്പിൽ മേൽകൈ നേടാൻ ആവും സാവിയുടെയും ടീമിന്റെയും ശ്രമം.

ലീഗ് മത്സരങ്ങളിലെ ആദ്യ ഇലവനിൽ ഇതുവരെ കാര്യമായ വ്യത്യാസം ഒന്നും വരുത്താതെ ടീമിനെ ഇറക്കിയ സാവി, വിക്ടോറിയ പ്ലസെനെതിരെ ചില മാറ്റങ്ങൾക്ക് തയ്യാറായേക്കും. ഗവി, ഡെമ്പലെ, എറിക് ഗർഷ്യ തുടങ്ങിയവർ ബെഞ്ചിൽ നിന്നും മത്സരം ആരംഭിച്ചേക്കും. ഫാറ്റി, ക്രിസ്റ്റൻസൻ, ഡിയോങ് എന്നിവർ ആദ്യ ഇലവനിലേക്കും എത്തിയേക്കും. അതേ സമയം പ്യാനിച്ച്, മർക്കോസ് അലോൻസോ, ബെല്ലാരിൻ എന്നിവർ ഔദ്യോഗിക സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഉൾപ്പെട്ടിട്ടില്ല. പ്യാനിച്ച് കൈമാറ്റ ചർച്ചകളിലേക്ക് കടന്നപ്പോൾ അലോൻസോക്കും ബെല്ലാരിനും കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ടെന്ന് സാവി പറഞ്ഞു. ഇവരെ അടുത്ത ലീഗ് മത്സരത്തിൽ ടീമിൽ പ്രതീക്ഷിക്കാം.

എതിരാളികൾ ആയ വിക്ടോറിയ പ്ലസെനും ചെക്ക് ലീഗിൽ മികച്ച ഫോമിലാണ്. ആറു മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു സമനിലയും നേടി രണ്ടാം സ്ഥാനത്താണ് അവർ. ക്യാമ്പ്ന്യൂവിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ഈ ഫോം തന്നെ തുടരാൻ തന്നെ ആവും അവരുടെ ശ്രമം. മത്സരം ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുന്നത്.