ബാഴ്സലോണയെ കാറ്റലൻ മണ്ണിൽ വന്ന് തോൽപ്പിച്ച് പി എസ് ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയിച്ചാണ് പി എസ് ജി സെമിയിലേക്ക് മുന്നേറിയത്. ആദ്യ പാദത്തിൽ പാരീസിൽ വെച്ച് ബാഴ്സലോണ 3-2ന് വിജയിച്ചിരുന്നു. 6-4ന്റെ അഗ്രിഗേറ്റ് സ്കോറിൽ ആയിരുന്നു പി എസ് ജി ജയിച്ചത്.
ഇന്ന് തുടക്കത്തിൽ തന്നെ ബാഴ്സലോണ മുന്നിൽ എത്തിയിരുന്നു. 12ആം മിനുട്ടിൽ റഫീഞ്ഞയാണ് ബാഴ്സക്ക് ലീഡ് നൽകിയത്. ലമിനെ യമാലിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇ ബാഴ്സലോണക്ക് അനുകൂലമായി പോകുമ്പോൾ ആണ് 29ആം മിനുട്ടിൽ അറോഹോ ചുവപ്പ് കാർഡ് വാങ്ങുന്നത്. ബാർകോളയെ ഫൗൾ ചെയ്തതിന് ആയിരുന്നു ഈ ചുവപ്പ് കാർഡ്. ഇതോടെ ബാഴ്സലോണ 10 പേരായി ചുരുങ്ങി.
40ആം മിനുട്ടിൽ ഡെംബലെയിലൂടെ പി എസ് ജി സമനില കണ്ടെത്തി. ബാർകോളയുടെ പാസിൽ നിന്നായിരുന്നു ഡെംബലെയുടെ മനോഹരമായ ഫിനിഷ്. സ്കോർ 1-1. രണ്ടാം പകുതിയിൽ വിറ്റിഞ്ഞയുടെ ഒരു ലോംഗ് റേഞ്ചർ പി എസ് ജിയെ മുന്നിൽ എത്തിച്ചു. സ്കോർ 2-1 (4-4).
പിന്നാലെ ബാഴ്സലോണ പരിശീലകൻ സാവിയും ചുവപ്പ് കാർഡ് വാങ്ങി. 61ആം മിനുട്ടിൽ ഡെംബലെയെ കാൻസെലോ വീഴ്ത്തിയതിന് പി എസ് ജിക്ക് പെനാൾട്ടി ലഭിച്ചു. എംബപ്പെ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് പി എസ് ജിയെ അഗ്രിഗേറ്റ് സ്കോറിലും മുന്നിൽ എത്തിച്ചു. സ്കോർ 3-1 (5-4)
ഇതിനു ശേഷം കളി നിയന്ത്രിച്ച പി എസ് ജി സമ്മർദ്ദങ്ങൾ ഇല്ലാതെ കളിച്ചു. 89ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ എംബപ്പെ പി എസ് ജിയുടെ നാലാം ഗോളും അദ്ദേഹത്തിന്റെ രണ്ടാം ഗോളും നേടി. ഇതോടെ വിജയവും സെമിയും ഉറപ്പിച്ചു. ബൊറൂസിയ ഡോർട്മുണ്ടിനെ ആകും സെമിയിൽ പി എസ് ജി നേരിടുക.